ഒമാനിൽ നബി ദിന അവധി പ്രഖ്യാപിച്ചു

സെപ്റ്റംബർ 15നാണ് ഒമാനിൽ നബിദിനത്തോട് അനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും അവധി ബാധകമാണ്. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് ദിവസം ഒഴിവ് ലഭിക്കും. അതേസമയം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ 23 തിങ്കൾ വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 23 തിങ്കളാഴ്ചയാണ് സൗദി ദേശീയ ദിനം.

ഒമാന്‍ തീരത്ത് ഓയില്‍ ടാങ്കര്‍ മറിഞ്ഞു; 13 ഇന്ത്യക്കാരുള്‍പ്പെടെ 16 ജീവനക്കാര കാണാതായി

ഒമാനി തുറമുഖമായ ദുക്മിന് സമീപം റാസ് മദ്രാക്കയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. കാണാതായ 16 ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊമോറോസിന്റെ എണ്ണക്കപ്പലായ പ്രസ്റ്റീജ് ഫാല്‍ക്കണ്‍ ആണ് മറിഞ്ഞത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. യെമനിലെ ഏദന്‍ തുറമുഖത്തേക്ക് പോവുകയായിരുന്ന ടാങ്കറായിരുന്നുവെന്നാണ് LSEGയുടെ ഷിപ്പിംഗ് ഡാറ്റയില്‍ നിന്ന് മനസിലാകുന്നത്.

ഒമാനിൽ മോസ്‌ക്കിന് സമീപം വെടിവെയ്പ്പ്: 4 പേർ കൊല്ലപ്പെട്ടു

ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ അൽ-വാദി-അൽ-കബീർ മേഖലയിലുള്ള പള്ളിക്ക് സമീപമാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ആരാണെന്നും അതിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ റോയൽ ഒമാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

മരിച്ചവരില്‍ 10 പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി സുരക്ഷാ വിഭാഗവും സ്വദേശികളും സംയുക്തമായി തിരച്ചില്‍ തുടരുകയാണ്. മഴക്കെടുതിയില്‍ മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിരുന്നു. അടൂര്‍ കടമ്പനാട് സ്വദേശി സുനില്‍കുമാറാണ് മരിച്ചത്. ഒമാന് പുറമെ ദുബായ് ഉള്‍പ്പെടെയുളള UAE യുടെ പലഭാഗത്തും ശക്തമായ മഴ പെയ്തു.

ഒമാനിൽ കനത്ത മഴ: 12 മരണം

കനത്ത മഴയെ തുടർന്ന് ഒമാനിൽ മലയാളിയുൾപ്പടെ 12 പേർ മരിച്ചു. അന്തരിച്ച മലയാളി സുനിൽകുമാർ സദാനന്ദൻ കൊല്ലം സ്വദേശിയാണ്. മരിച്ചവരിൽ 9 പേർ കുട്ടികളാണ്. ഒഴുക്കിൽപ്പെട്ട് കാണാത്തവർക്കായി തിരച്ചിൽ തുടരുകയാണ്. എട്ട് പേരെയാണ് കണ്ടെത്താനുള്ളതെന്ന് സിവിൽ ഡിഫൻസ്‌ ആന്റ് ആംബുലൻസ് വിഭാഗം അറിയിച്ചു.

ഒമാനിലും നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി ദൃശ്യമായതോടെ ഒമാനിലും നാളെ ചെറിയ പെരുന്നാൾ ആണെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെയാണ് ചെറിയ പെരുന്നാൾ. ഇതോടെ എല്ലാ ഗൾഫ് രാജ്യങ്ങളും ഇപ്രാവശ്യം ഒന്നിച്ച് പെരുന്നാൾ ആഘോഷിക്കും. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് ഒമാൻ സുൽത്താൻ 152 തടവുകാർക്ക് മാപ്പ് നൽകി. വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന വിദേശികളടക്കമുള്ള തടവുകാർക്കാണ് മാപ്പ് നൽകിയത്.

ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ മാര്‍ച്ചില്‍ നടപ്പാക്കിയേക്കും

ഇരു രാജ്യങ്ങളും തമ്മിലുള്ള കോംപ്രിഹെന്‍സിവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ് എഗ്രിമെന്റിനായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ഇറക്കുമതിക്കും കയറ്റുമതിക്കുമായുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്നതാണ് ഈ സ്വതന്ത്ര വ്യാപാര കരാര്‍. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരു രാജ്യങ്ങളിലേക്കും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും സാധിക്കും.

ഷാര്‍ജ-മസ്‌കറ്റ് ബസ് സര്‍വീസ് നാളെ ആരംഭിക്കും

ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്താണ് ഫെബ്രുവരി 27 മുതല്‍ ഷാര്‍ജ-മസ്‌കറ്റ് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചത്. ഷാര്‍ജയില്‍ നിന്നും മസ്‌കറ്റില്‍ നിന്നും ഷിനാസ് വഴി പ്രതിദിനം രണ്ട് വീതം നാല് സര്‍വീസുകളാണ് ക്രമീകരിച്ചിട്ടുളളത്. യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ബാഗേജായി 23 കിലോയും ഹാന്‍ഡ് ബാഗേജായി 7 കിലോയും കൊണ്ടുപോകാം.

പ്രതിരോധ മേഖലയിലെ സഹകരണത്തിനായി കരാർ ഒപ്പിട്ട് ഇന്ത്യയും ഒമാനും

സൈനിക ഉപകരണങ്ങൾ വാങ്ങുന്നത് ഉൾപ്പെടെ, പ്രതിരോധ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിലാണ് ഇന്ത്യയും ഒമാനും ഒപ്പുവെച്ചത്. മസ്കറ്റിൽ നടന്ന 12-ാമത് സംയുക്ത സൈനിക സഹകരണ കമ്മിറ്റി യോഗത്തില്‍ ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയും ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നസീർ ബിൻ അലി അൽ സാബിയുമാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.

ഒമാൻ സുൽത്താന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് രാഷ്ട്രപതി ഭവനില്‍ സ്വീകരിച്ചു. ഹൈദരാബാദ് ഹൗസില്‍ സുല്‍ത്താനുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. 5,000 വർഷം പഴക്കമുള്ള ബന്ധമാണ് ഇന്ത്യക്കാര്‍ക്ക് ഒമാനുമായുളളത്.