ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം 50 കോടി ക്ലബില്‍

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്. ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് കിഷ്‌കിന്ധാ കാണ്ഡത്തിന്. റിലീസ് ചെയ്ത് 12 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

സിനിമയില്‍ സേവന, വേതന കരാര്‍ നിര്‍ബന്ധമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

സിനിമയില്‍ സേവന, വേതന കരാര്‍ നിര്‍ബന്ധമാക്കിയത് സംബന്ധിച്ച് നിര്‍മാതാക്കള്‍ ചേര്‍ന്ന് AMMAയ്ക്കും ഫെഫ്കയ്ക്കും കത്ത് അയച്ചു. അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ സേവന, വേതന കരാര്‍ ഒപ്പിട്ടശേഷമേ സിനിമയുടെ ഭാഗമാകാന്‍ പാടുളളൂവെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കണമെന്നും കത്തില്‍ പറയുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ മുദ്രപത്രത്തില്‍ തയാറാക്കുന്ന കരാറില്‍ ഒപ്പിടണമെന്നും കരാറിന് പുറത്ത് പ്രതിഫലം നല്‍കില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സാക്ഷി മൊഴികള്‍ മുഴുവനായി ആര്‍ക്കും നല്‍കിയില്ല

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാക്ഷി മൊഴികള്‍ നല്‍കിയത് പല ഭാഗങ്ങളിലായാണ്. ഓരോ ഭാഗങ്ങളും ഓരോ ഉദ്യോഗസ്ഥര്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കിയ ഭാഗങ്ങള്‍ മുഴുവനായി എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. സാക്ഷി മൊഴികളുടെ പകര്‍പ്പ് അന്വേഷണ സംഘാംഗങ്ങള്‍ ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറണം. ആരും പകര്‍പ്പെടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സിനിമ മേഖലയിലെ പുതിയ സംഘടനയ്ക്ക് പിന്തുണയുമായി സംവിധായകന്‍ വിനയന്‍

സിനിമ മേഖലയിലെ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സില്‍ ചേരുമെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കള്‍ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന സംഘടന ആവണം. നിലവില്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അംഗമാണ്. സംവിധായകനെന്ന നിലയില്‍ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമാ മേഖലയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി ടൊവിനോ തോമസ്

പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണെന്ന് ടൊവിനോ തോമസ് പറഞ്ഞു. പുതിയ സംഘടനയുടെ ചര്‍ച്ചയില്‍ ഇതുവരെ താന്‍ ഭാഗമല്ലെന്നും സിനിമയുടെ പ്രൊമോഷനിലായിരുന്നു ഇതുവരെയെന്നും അദ്ദേഹം പറഞ്ഞു. പ്രൊഗസ്സീവായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണ്. എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചെങ്കിലും താനിപ്പോഴും അമ്മ സംഘടനയില്‍ അംഗമാണ്. മറ്റേത് സംഘടനയാണെങ്കിലും അതാണ് നല്ലത് എന്നുണ്ടെങ്കില്‍ താന്‍ അതിന്റെ ഭാഗമാകണമെന്നും അത്തരം സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ടൊവിനോ പറഞ്ഞു.Read More

‘കൊണ്ടല്‍’ സെപ്റ്റംബര്‍ 13 ന് തീയേറ്ററുകളിലെത്തും

ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ആക്ഷന്‍ ചിത്രം 'കൊണ്ടല്‍' സെപ്റ്റംബര്‍ 13ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടലിന്റെയും തീരദേശ ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

‘പാലേരി മാണിക്യം’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ എന്ന ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 4K അറ്റ്മോസ് ശബ്ദ സാങ്കേതിക മികവോടെ ചിത്രം സെപ്റ്റംബർ 20ന് വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ഈ ചിത്രം ഇത് മൂന്നാം തവണയാണ് തിയേറ്ററുകളിൽ എത്തുന്നത്. 2009ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയ ചിത്രവുമാണ് ഇത്. മികച്ച സിനിമ, മികച്ച നടൻ (മമ്മൂട്ടി), മികച്ച നടി (ശ്വേത മേനോൻ) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

അജയന്റെ രണ്ടാം മോഷണം ഓണത്തിന് തീയേറ്ററുകളിലെത്തും

ടൊവിനോ തോമസ് നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ സിനിമ അജയന്റെ രണ്ടാം മോഷണം (ARM) സെപ്റ്റംബര്‍ 12 ന് തീയേറ്ററുകളിലെത്തും. ജിതിന്‍ ലാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

സിനിമയില്‍ നിന്ന് വിലക്കിയെന്ന ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദന്‍

നടിക്ക് കാശ് വാഗ്ദാനം ചെയ്ത് വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ താന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മലയാള സിനിമയില്‍ നിന്ന് വിലക്ക് നേരിട്ടുവെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍ ആരോപിച്ചു. ഹേമ കമ്മറ്റിക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഫേസ് ബുക്കിലൂടെ സൗമ്യ സദാനന്ദന്‍ അറിയിച്ചത്. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിച്ചുവെന്നും സൗമ്യ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനായ മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായികയാണ് സൗമ്യ.

ബാബുരാജിനെതിരെയും ശ്രീകുമാര്‍ മേനോനെതിരെയും പരാതി നല്‍കി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

നടന്‍ ബാബുരാജിനെതിരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്. നാട്ടിലെത്തിയാല്‍ ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കുമെന്നും നടി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ നടിയെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഗൂഢാലോചന എന്ന ബാബുരാജിന്റെ വാദം നടി തള്ളുകയും ആരുടേയും സമ്മര്‍ദ്ദത്തില്‍ അല്ല പരാതി നല്‍കിയതെന്നും വ്യക്തമാക്കി.