തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡു നിര്‍മ്മിക്കാന്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും നദ്ദ പറഞ്ഞു. വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡു നിര്‍മ്മിക്കാന്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള സർക്കാരിനെ കടന്നാക്രമിച്ച് ജെ.പി. നദ്ദ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരികരണവുമായി BJP ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നദ്ദ. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഇത്രയും വൈകിപ്പിച്ചത് CPI(M) നേതാക്കൾ ഉൾപ്പെട്ടുള്ളതിനാലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ എന്തൊക്കെയോ മറച്ചുവെക്കുകയാണെന്നും ജെ.പി. നദ്ദ ആരോപിച്ചു. പാലക്കാട് നടന്ന BJP യുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. കേരളം അഴിമതിയുടെ നാടായി മാറിയെന്ന് കുറ്റപ്പെടുത്തിയ BJP ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ കരുവന്നൂർ ബാങ്ക് തട്ടിപ്പ് അതിന് ഉദാഹരണമാണെന്നും പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് വര്‍ധനവിന് പിന്നില്‍ രണ്ട് വകഭേദങ്ങളെന്ന് കേന്ദ്രം

KP.1, KP.2 എന്നീ വകഭേദങ്ങളാണ് ഇന്ത്യയിലെ കോവിഡ് കേസുകളുടെ വര്‍ധനവിന് പിന്നിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. JN.1 ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ് KP.1, KP.2 എന്നീ വകഭേദങ്ങളെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് അഞ്ചു വരെ 824 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഡെങ്കിപ്പനി വ്യാപനം: കേന്ദ്ര ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേർന്നു

വിവിധ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും മന്ത്രി നിർദേശിച്ചു. എയിംസ് അടക്കമുള്ള കേന്ദ്രസർക്കാർ ആശുപത്രിയിൽ ഡെങ്കിപ്പനിക്കായി പ്രത്യേകം വാർഡുകൾ തുറക്കണമെന്നും ആവശ്യത്തിന് ജീവനക്കാരും മരുന്നും ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. അതേസമയം കേരളത്തിൽ ഇന്ന് 162 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തെഴുതി

വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദയ്ക്ക് കത്തെഴുതി. 2023-24 സാമ്പത്തിക വർഷം NHM ൻ്റെ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാൻ്റും നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം ഗടുവും അനുവദിച്ച് നൽകണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് അർഹമായ കേന്ദ്ര വിഹിതം ലഭിക്കാത്തതിനെ തുടർന്ന് ആരോഗ്യരംഗത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

BJP യുടെ രാജ്യസഭാ നേതാവായി ജെ.പി. നദ്ദയെ തിരഞ്ഞെടുത്തു

ജെ.പി. നദ്ദ BJP യുടെ രാജ്യസഭാ നേതാവ്. രാജ്യസഭാ നേതാവ് ആയിരുന്ന പിയൂഷ് ഗോയല്‍ ഇത്തവണ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് ഗോയല്‍ രാജ്യസഭാ നേതൃസ്ഥാനം ഒഴിഞ്ഞത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് ജെ.പി. നദ്ദ. BJP ദേശീയ അധ്യക്ഷനായ ജെ.പി. നദ്ദ കേന്ദ്രമന്ത്രിയായതോടെ പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കും എന്നാണ് റിപ്പോർട്ട്.

ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം; രണ്ട് ദിവസത്തിനിടെ രാജ്യ തലസ്ഥാനത്ത് മരിച്ചത് 34 പേര്‍

ഈ സാഹചര്യത്തില്‍ കേന്ദ്രം ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയില്‍ ഉഷ്ണതരംഗം വിലയിരുത്താന്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 6 പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ ചൂട് 52 ഡിഗ്രി സെല്‍ഷ്യസ് കടന്നു. അതേസമയം രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രളയ ഭീതിയിലാണ്.

ജെ.പി. നദ്ദക്കും അമിത് മാളവ്യക്കും സമന്‍സ് അയച്ച് കര്‍ണാടക പോലീസ്

BJPയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ വീഡിയോയിലാണ് BJP ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദക്കും, IT സെല്‍ മേധാവി അമിത് മാളവ്യക്കും സമന്‍സ് അയച്ചത്. ഒരാഴ്ച്ചക്കുള്ളില്‍ ഹാജരാകണമെന്നാണ് കര്‍ണാടക പോലീസിന്റെ നിര്‍ദേശം. നേരത്തെ ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ജെ. പി. നദ്ദ ബിഹാറിലെ പ്രചാരണത്തിന് എത്തിയത് പണം നിറച്ച ബാഗുകളുമായി; ആരോപണവുമായി തേജസ്വി യാദവ്

ബിഹാറില്‍ പ്രചാരണത്തിനായി പണം നിറച്ച അഞ്ച് ബാഗുകളുമായെത്തിയ BJP ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തിരഞ്ഞെടുപ്പ് നടക്കുന്നയിടത്ത് ഈ ബാഗുകള്‍ വിതരണം ചെയ്തെന്നാണ് തേജസ്വി യാദവിന്റെ ആരോപണം. അന്വേഷണ സംഘങ്ങളുടെ പൂര്‍ണ പിന്തുണയോടെയാണ് നദ്ദ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു. അന്വേഷണ ഏജന്‍സികളെല്ലാം BJPയെ പരസ്യമായി പിന്തുണക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BJP ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ കാലാവധി നീട്ടി

2024 ജൂണ്‍ വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന BJP ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. 2019ല്‍ പാര്‍ട്ടി അധ്യക്ഷനായിരുന്ന അമിത് ഷാ കേന്ദ്രമന്ത്രി ആയതോടെയാണ് ജെ.പി നദ്ദ BJP വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. പിന്നീട് 2020ലാണ് അദ്ദേഹം ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.