ഇന്‍ഷുറന്‍സ് പ്രീമിയം നികുതി കുറയ്ക്കും

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള ചരക്കുസേവന നികുതി നിലവിലെ 18 ശതമാനത്തില്‍ നിന്ന് കുറയ്ക്കും. GST കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള നികുതി ഇളവ് പഠിക്കാന്‍ മന്ത്രിതല സമിതിക്ക് യോഗം രൂപം നല്‍കി. ഒക്ടോബര്‍ അവസാനത്തോടെ സമിതി റിപ്പോര്‍ട്ട് നല്‍കും. കാന്‍സര്‍ മരുന്നുകളുടെ നികുതി കുറയ്ക്കാന്‍ GST കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

ആരോഗ്യ ഇൻഷുറൻസിന്റെ GST ഒഴിവാക്കണം; നിർമല സീതാരാമന് കത്തയച്ച് നിതിൻ ഗഡ്കരി

ലൈഫ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് ചുമത്തിയ 18% GST ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. LIC നാഗ്പൂർ ഡിവിഷൻ എംപ്ലോയീസ് യൂണിയൻ ഇൻഷുറൻസ് വ്യവസായത്തിൻ്റെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തനിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. ഇൻഷുറൻസ് പ്രീമിയത്തിന്മേൽ ചുമത്തുന്ന നികുതി ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾക്ക് നികുതി ചുമത്തുന്നതിന് തുല്യമാണെന്നും അതിനാൽ ലൈഫ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി ഒഴിവാക്കണമെന്നും ഗഡ്കരി അഭ്യർത്ഥിച്ചു.

ദേശീയപാതാ വികസനം; GST വിഹിതം ഒഴിവാക്കി കേരളം

സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് GST വിഹിതവും റോയല്‍റ്റിയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എറണാകുളം ബൈപാസ്, കൊല്ലം - ചെങ്കോട്ട എന്നീ പാതകളുടെ നിര്‍മാണത്തിലാണ് നികുതി ഒഴിവാക്കുന്നത്. ഇതോടെ 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക. ദേശീയപാതാ വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ GST പരിശോധന

ഹോട്ടലുകളില്‍ വ്യാപക നികുതി വെട്ടിപ്പ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആറു മാസമായി സംസ്ഥാന GST വകുപ്പ് ചില സ്ഥാപനങ്ങളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടലുകളില്‍ പരിശോധന നടത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കോടികളുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. പല സ്ഥാപനങ്ങളും ക്യാറ്ററിങ്, കല്യാണങ്ങള്‍, പാര്‍ട്ടികള്‍, വ്യാപാര മേളകള്‍ എന്നിവിടങ്ങളിലും ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും അതൊന്നും കണക്കില്‍ കാണിക്കാറില്ല.

ഇന്ത്യൻ റെയിൽവേയുടെ വിവിധ സേവനങ്ങൾക്ക് GST ഒഴിവാക്കി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ചേർന്ന 53-ാമത് GST കൗൺസിൽ യോഗത്തിൽ ഇന്ത്യൻ റെയിൽവേ നൽകുന്ന വിവിധ സേവനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. പ്ലാറ്റ്ഫോം ടിക്കറ്റ്, കാത്തിരിപ്പ് വിശ്രമ മുറികള്‍, ക്ലോക്ക്റൂം സേവനങ്ങൾ തുടങ്ങിയവയ്ക്കാണ് GST ഒഴിവാക്കിയിട്ടുള്ളത്. കൂടാതെ റെയിൽവേ സ്റ്റേഷനുകളിലെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളുടെ ഉപയോഗത്തിനും GST ഈടാക്കില്ല.

GST കൗണ്‍സില്‍ യോഗം ജൂണ്‍ 22ന് ചേരും

GST കൗണ്‍സിലിന്റെ 53-ാമത് യോഗം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടക്കും എന്ന് GST കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗണ്‍സിലായിരിക്കും ഇത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കു. 2024-25 ലെ കേന്ദ്ര ബജറ്റ് ജൂലൈ മൂന്നാം വാരത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്; രണ്ടുപേര്‍ കസ്റ്റഡിയില്‍

ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ച് സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ് നടത്തിയതായാണ് GST വകുപ്പ് കണ്ടെത്തിയത്. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട 180 കോടി രൂപയാണ് നഷ്ടമായത്. ഓപ്പറേഷന്‍ പാംട്രീ എന്ന പേരില്‍ ഇന്ന് പുലര്‍ച്ചെ 5 മണി മുതല്‍ ഏഴ് ജില്ലകളിലായാണ് GST വകുപ്പിലെ മുന്നൂറോളം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

സര്‍വകാല റെക്കോഡിലെത്തി രാജ്യത്തെ GST വരുമാനം; ഏപ്രിലിലുണ്ടായത് 12.4 ശതമാനം വര്‍ധനവ്

കഴിഞ്ഞ മാസം ചരക്ക് സേവന നികുതിയില്‍ നിന്ന് ലഭിച്ചത് 2.10 ലക്ഷം കോടിയാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. റീ ഫണ്ടുകള്‍ക്ക് ശേഷം 1.92 ലക്ഷം കോടിയാണ് ഏപ്രിലിലെ മൊത്തം GST വരുമാനം. ആഭ്യന്തര ഇടപാടുകളില്‍ 13.4 ശതമാനവും ഇറക്കുമതിയില്‍ 8.3 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം GST വരുമാനം നേടിയത് കര്‍ണാടകയും GST വരുമാനത്തില്‍ ഏറ്റവുമധികം വളര്‍ച്ച നേടിയത് മിസോറവും ആണ്.

മലബാര്‍ പൊറോട്ടയുടെ GST കൂട്ടണമെന്ന ഉത്തരവ് തള്ളി ഹൈക്കോടതി

മലബാര്‍ പൊറോട്ടയുടെ GST 18 ശതമാനം ആക്കണമെന്നുള്ള അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് തള്ളിയ ഹൈക്കോടതി GST അഞ്ച് ശതമാനമാക്കി ഇളവ് അനുവദിച്ചു. പൊറോട്ട ബ്രെഡിന് സമാനമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, സെന്‍ട്രല്‍ സ്റ്റേറ്റ് ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ആക്ട് പ്രകാരം 18 ശതമാനം GST ഈടാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. Read More

കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് GST കമ്മീഷണറുടെ ശുപാര്‍ശ

സംസ്ഥാനത്ത് ആല്‍ക്കഹോളിന്റെ അംശം അനുസരിച്ച് മദ്യത്തിന് രണ്ട് സ്ലാബുകളില്‍ നികുതി നിര്‍ണ്ണയിക്കണം എന്നാണ് ശുപാര്‍ശ. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ 2022ലെ മദ്യ നയത്തിന്റെ ഭാഗമായാണ് വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന മദ്യത്തില്‍ 42.86 ശതമാനം ആല്‍ക്കഹോളുണ്ട്. ഇപ്പോള്‍ മദ്യ ഉല്‍പാദകരുടെ ആവശ്യം 0.5 മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ അംശമുള്ള മദ്യം പുറത്തിറക്കാനാണ്.