റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ കുടിശിക നാളെ നൽകും: മന്ത്രി ജി.ആർ. അനിൽ

റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കുടിശിക തുക നാളെ തന്നെ നൽകുമെന്ന് അറിയിച്ച് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. മൂന്ന് മാസമായി തുക കുടിശികയായതോടെയാണ് സമരത്തിലേക്ക് പോകാന്‍ വാതില്‍പ്പടി വിതരണക്കാര്‍ തീരുമാനിച്ചത്. വാതിൽപ്പടി വിതരണക്കാർ സമരത്തിലേക്ക് പോകേണ്ടിവരില്ലെന്നും കുടിശിക നൽകാനായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഓണത്തിന് മുന്‍പ് മുഴുവൻ കുടിശികയും നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് സമരത്തിലേക്ക് പോകാന്‍ വാതില്‍പ്പടി വിതരണക്കാര്‍ തീരുമാനിച്ചത്.

ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ട്: മന്ത്രി ജി.ആർ. അനിൽ

ഓണക്കാലത്ത് ഉണ്ടായേക്കാവുന്ന വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. മഞ്ഞ കാർഡുടമകൾക്കും, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും, വയനാട് ദുരിതബാധിത പ്രദേശത്തെ എല്ലാ കുടുംബങ്ങൾക്കുമുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരമാവധി മെച്ചപ്പെട്ട നിലയിലാണ് ഇത്തവണ റേഷൻ കടകളിലൂടെ സാധനങ്ങൾ വിതരണം ചെയ്യുന്നതെന്നും സാമ്പത്തിക പ്രശ്‌നങ്ങൾക്കിടയിലും വിവിധ മേഖലകളിലെ വിലക്കയറ്റം പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോയുടെ ഓണം ഫെയര്‍ സെപ്റ്റംബര്‍ 5 മുതല്‍ 14 വരെ

സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ 5 മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 5ന് മുഖ്യമന്ത്രി നിര്‍വഹിക്കും. സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് അഥവാ നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, FMCG ഉല്‍പ്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലും ഓണം ഫെയറുകളിലൂടെ ലഭിക്കും.

സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ

ഈ മാസം 9 മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്ത് തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുകയെന്നും മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ആറുലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകുമെന്നും മന്ത്രി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യ സാധനങ്ങൾ ഉറപ്പുവരുത്തും: ഭക്ഷ്യമന്ത്രി

വയനാടുണ്ടായ ഉരുൾപൊട്ടലിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യ സാധനങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പ് വരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോയ്ക്ക് ആവശ്യത്തിന് തുക അനുവദിച്ചില്ല: ഭക്ഷ്യ മന്ത്രി

സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാൻ നിലവിലെ സാഹചര്യത്തിൽ 500 കോടി രൂപയെങ്കിലും ആവശ്യമാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇപ്പോൾ അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും ധനമന്ത്രിയെ കണ്ട് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിതരണ മേഖലയെ സംബന്ധിച്ച പ്രശ്നങ്ങൾ കേന്ദ്രത്തിനു മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അനുകൂല സമീപനമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്നും മന്ത്രി അറിയിച്ചു. ഓണ വിപണിയിൽ സപ്ലൈകോ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുമായുള്ള ചർച്ച വിജയിച്ചില്ല: ജൂൺ 8,9 തീയതികളിൽ റേഷൻകട വ്യാപാരികൾ സമരം നടത്തും

ജൂൺ 8,9 തീയതികളിൽ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുന്നതിന് മുന്നോടിയായി റേഷൻ വ്യാപാരികൾ ഭക്ഷ്യ മന്ത്രി ജി.ആർ. അനിലും ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, ക്ഷേമനിധി പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഭക്ഷ്യ മന്ത്രിക്ക് മുൻപാകെ റേഷൻ വ്യാപാരികൾ സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ ഇതിൽ തീരുമാനമെടുക്കാൻ പത്താം തീയതി കഴിയും എന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെയാണ് സമരവുമായി മുന്നോട്ടു പോകാൻ വ്യാപാരികൾ തീരുമാനിച്ചത്.

വിലക്കയറ്റം; സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി ജി.ആര്‍. അനില്‍

സംസ്ഥാനത്തെ പച്ചക്കറി വില വര്‍ധനയില്‍ സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍. വിലക്കയറ്റം ദേശീയ വിഷയമാണ്. നമുക്ക് ആവശ്യമുള്ള അരി നല്‍കുന്നതില്‍ കേന്ദ്ര വിവേചനം തുടരുകയാണ്. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങള്‍ക്ക് വില കയറാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ വഴി വിലക്കയറ്റത്തിന്റെ തോത് ഇവിടെ കുറവാണെന്നും മന്ത്രി പറഞ്ഞു. Read More

റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചു; സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം വീണ്ടും തുടങ്ങും

രണ്ടു ദിവസമായി മസ്റ്ററിങ് സാങ്കേതിക തകരാര്‍ മുലം തടസപ്പെടുകയായിരുന്നു. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് NICയ്ക്കും IT മിഷനും കൂടുതല്‍ സമയം ആവശ്യമായതിനാല്‍ മസ്റ്ററിങ് നിര്‍ത്തി വെച്ചു. തകരാര്‍ പൂര്‍ണ്ണമായും പരിഹരിച്ചതിന് ശേഷമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. റേഷന്‍വിതരണം എല്ലാ കാര്‍ഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

സെര്‍വര്‍ പണിമുടക്കി; റേഷന്‍ മസ്റ്ററിങ് തല്‍ക്കാലം നിര്‍ത്തിവെച്ചതായി മന്ത്രി

സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മഞ്ഞ കാര്‍ഡുകാര്‍ക്ക് ഇന്ന് തന്നെ മസ്റ്ററിങ് നടത്താന്‍ ശ്രമിക്കും. ഇന്ന് അരിവിതരണം സമ്പൂര്‍ണമായി നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യമെങ്കില്‍ മസ്റ്ററിങ് നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.