എട്ടാം ക്ലാസില്‍ ഇനി മുതല്‍ ഓള്‍ പാസ് ഇല്ല

എട്ടാം ക്ലാസ് ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ ഗുണനിലവാരം കുറയുന്നതായി ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

സ്‌കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ല: വി. ശിവന്‍കുട്ടി

ഖാദര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. എല്ലാ ശുപാര്‍ശയും നടപ്പാക്കില്ല. സ്‌കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂള്‍ സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായി ക്രമീകരിക്കണമെന്നാണ് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ. എന്നാല്‍ ഇതിനെതിരെ അധ്യാപക സംഘടനകളില്‍ നിന്നടക്കം എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

ഗേറ്റ് 2025: ഓഗസ്റ്റ് 24 മുതല്‍ അപേക്ഷിക്കാം

ഗേറ്റ് പ്രവേശനപ്പരീക്ഷയ്ക്ക് ഓഗസ്റ്റ് 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 26 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. പിഴ നല്‍കി ഒക്ടോബര്‍ ഏഴ് വരെ അപേക്ഷിക്കാം. ഗേറ്റ് 2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലായി നടത്തുമെന്ന് IIT റൂര്‍ക്കി നേരത്തെ അറിയിച്ചിരുന്നു. എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍, ടെക്നോളജി, സയന്‍സ്, ഹ്യുമാനിറ്റീസ് ഉള്‍പ്പെടെയുളള വിഷയങ്ങളിലെ ഉപരിപഠനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയാണ് ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ്)

സ്‌കൂളില്‍ 220 പ്രവൃത്തിദിനം; അഞ്ചാം ക്ലാസ് വരെയുളളവരെ ഒഴിവാക്കി

സംസ്ഥാനത്തെ ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ സ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ വീണ്ടും 200 ആക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്, പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകളിലെ പ്രവൃത്തി ദിനം 220 ആക്കി ഉയര്‍ത്തിയ തീരുമാനത്തില്‍ അഞ്ചാം ക്ലാസ് വരെ ഇളവ് വരുത്തിയത്. ഈ അധ്യായന വര്‍ഷത്തെ പ്രവൃത്തി ദിനങ്ങള്‍ 220 ആക്കി കൂട്ടിയതില്‍ അധ്യാപക സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കും: മന്ത്രി ആര്‍. ബിന്ദു

നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. മെയ് 20ന് മുമ്പ് ഇതിനായുളള അപേക്ഷ ക്ഷണിക്കും. ജൂണ്‍ 15നകം ട്രയല്‍ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുമെന്നും ജൂണ്‍ 20 മുതല്‍ പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാനമായ ചുവടുവെപ്പാകും ഈ നാലുവര്‍ഷ ബിരുദ പദ്ധതിയെന്നാണ് വിലയിരുത്തുന്നത്.

നൂറുമേനി വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണത്തില്‍ കുറവ്; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ 100 ശതമാനം വിജയം നേടിയത് ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: വിദ്യാഭ്യാസ മന്ത്രി

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപെൺകുട്ടി സംവരണം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ലിംഗസമത്വത്തിൻ്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും ഉന്നമനത്തിനായി തീരുമാനം പുന:പരിശോധിക്കണം. മാതാപിതാക്കളുടെ ഒറ്റ മകൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം നേടാനുള്ള അവസരം ഈ തീരുമാനം പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിലാണ് കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപെൺകുട്ടി സംവരണം നിർത്തലാക്കിയത്.

കേന്ദ്രീയവിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തേക്കുളള പ്രവേശനം ആരംഭിച്ചു

ഒന്നു മുതല്‍ 12 വരെയുളള ക്ലാസുകളിലേക്കുളള പ്രവേശനത്തിനുളള അപേക്ഷാ നടപടികളാണ് ആരംഭിച്ചത്. ഏപ്രില്‍ 15 വൈകിട്ട് അഞ്ച് മണി വരെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം. https://kvsonlineadmission.kvs.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷം 11ാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും.

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ കീം ജൂണ്‍ ഒന്നുമുതല്‍

ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് വരെ കേരളം, ദുബായ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാകും പരീക്ഷ നടത്തുക. ഈ വര്‍ഷം മുതലാണ് കേരളം ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ നടത്തുന്നത്. അതിനാല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിനായി പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കും. സംസ്ഥാനത്തെ കോളേജുകളിലേക്കുളള എഞ്ചിനീയറിങ് പ്രവേശത്തിന് പുറമെ ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയും ഈ ദിവസങ്ങളില്‍ നടത്തുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ കെ സുധീര്‍ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖല: കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ

ഓൾ കേരള ഹയർ എഡ്യൂക്കേഷൻ സർവേ 2021-22 പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണം, ലിംഗസമത്വം എന്നീ മാനദണ്ഡങ്ങൾ പ്രകാരം കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. സർവേ ഫലം പ്രകാരം 2021-22 കാലയളവിൽ 28.5 ശതമാനം പെൺകുട്ടികൾ മാത്രമാണ് ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്നത്. എന്നാൽ കേരളത്തിൽ 49 ശതമാനം പെൺകുട്ടികൾ ചേർന്നു. Read More