പി. വി. അന്‍വറുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും CPM സെക്രട്ടറി എം. വി. ഗോവിന്ദന്‍

CPMനെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും അന്‍വറുമായുള്ള ബന്ധം CPM അവസാനിപ്പിച്ചുവെന്നും CPM പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന്‍. LDFമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം അന്‍വര്‍ ഉപേക്ഷിച്ചിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അന്‍വറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. LDF പിന്തുണയോടെ കഴിഞ്ഞ രണ്ടുതവണ MLAയായി തിരഞ്ഞെടുക്കപ്പെട്ട അന്‍വറിന് കമ്മ്യൂണിസ്റ്റ് സംവിധാനത്തെപ്പറ്റി ധാരണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്നതില്‍ നടപടി തുടങ്ങി കളമശ്ശേരി മെഡിക്കല്‍ കോളേജ്.

മുതിര്‍ന്ന CPM നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ മൂന്ന് മക്കളും ഇന്ന് ഉപദേശക സമിതിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് അച്ഛന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതായാണ് മകന്‍ എം.എല്‍. സജീവനും മകള്‍ സുജാതയും പറയുന്നത്. അതേസമയം അങ്ങനെയൊരു കാര്യം അച്ഛന്‍ പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്‌കരിക്കണമെന്നുമാണ് ഇളയമകള്‍ ആശയുടെ വാദം. മൂവരുടെയും അഭിപ്രായങ്ങള്‍ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കോടതി കളമശ്ശേരി മെഡിക്കല്‍ കോളേജിനോട് നിര്‍ദേശിച്ചിട്ടുള്ളത്.

എം.എം. ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

അന്തരിച്ച മുതിര്‍ന്ന CPM നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നതിനെതിരെ മകള്‍ ആശ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും തല്‍ക്കാലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് എം.എം. ലോറന്‍സിന്റെ മകന്‍ എം.എല്‍. സജീവന്‍ പറഞ്ഞു.

പരസ്യ പ്രസ്താവനയില്‍ നിന്ന് പിന്മാറുകയാണെന്ന് പി. വി. അന്‍വര്‍

പാര്‍ട്ടി നിര്‍ദേശം പാലിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ADGP അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരായ ആരോപണങ്ങളില്‍ ഉള്‍പ്പടെയുള്ള പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പി. വി. അന്‍വര്‍ MLA. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയതെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും കുറിച്ചു.Read More

പി. വി അന്‍വറിനെതിരെ വിമര്‍ശനവുമായി എ. വിജയരാഘവന്‍

പി. വി അന്‍വര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്തിയെന്നും പ്രസ്താവനകള്‍ ശത്രുക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ടാക്കിയെന്നും എ.വിജയരാഘവന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ആ വിഷയങ്ങള്‍ക്ക് വ്യക്തത വന്നിട്ടുണ്ട്. പക്ഷെ കാര്യങ്ങള്‍ വ്യക്തമാക്കിയതിന് ശേഷവും അന്‍വര്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും വിജയരാഘവന്‍ പറഞ്ഞു. സാധാരണക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാരാണ് നമ്മുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാർട്ടിയെ ദുർബലപ്പെടുത്തുന്ന നിലപാടുകളിൽ നിന്ന് പിന്മാറണമെന്ന് പി.വി. അൻവറിനോട് CPM

പി.വി. അൻവർ MLA ക്കെതിരെ CPM സംസ്ഥാന സെക്രട്ടറിയേറ്റ്. പി.വി.അൻവർ MLA യുടെ നിലപാടുകളോട് യോജിപ്പില്ലെന്നും അൻവറിന്റെ പ്രവർത്തികൾ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി മാറിയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും CPM സംസ്ഥാന സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

മുതിര്‍ന്ന CPM നേതാവ് എം.എം. ലോറന്‍സ് അന്തരിച്ചു

മുതിര്‍ന്ന CPM നേതാവും മുന്‍ ഇടുക്കി എംപിയുമായിരുന്ന എം.എം. ലോറന്‍സ് (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് CPMനെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാക്കളില്‍ ഒരാളായിരുന്നു എം.എം. ലോറന്‍സ്.

സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും

ഇന്നലെ അന്തരിച്ച CPM ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകിട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം പൊതുദർശനത്തിനു വെക്കുക. നാളെ രാവിലെ 11 മുതൽ വൈകിട്ട് 3 മണിവരെ പാർട്ടി ആസ്ഥാനമായ ഡൽഹിയിലെ AKG ഭവനിൽ പൊതുദർശനത്തിനു വെക്കും. വൈകിട്ട് അഞ്ചുമണിയോടെ AKG ഭവനിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി AIIMS ന് കൈമാറും.

സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിന് നൽകും

അന്തരിച്ച CPM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി എയിംസിന് വിട്ടുനൽകും. ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. ഇന്ന് ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ ഡല്‍ഹി AKG ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും. 14നു വൈകുന്നേരം മൂന്നുമണിക്കു പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾക്കു ശേഷം ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.

CPM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. 32 വര്‍ഷമായി അദ്ദേഹം CPM പോളറ്റ് ബ്യൂറോ അംഗമായിരുന്നു. 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.