ബെംഗളൂരുവില്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; ICUവില്‍ ചികിത്സയിലിരുന്ന മലയാളിക്ക് ദാരുണാന്ത്യം

ബെംഗളൂരുവിലെ മത്തിക്കരെയിലെ MS രാമയ്യ മെഡിക്കല്‍ കോളജില്‍ ഉച്ചയോടെയുണ്ടായ തീപിടിത്തത്തിലാണ് ന്യുമോണിയ ബാധിച്ച് ICUവില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചത്. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്. സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ രണ്ടാഴ്ചയായി സുജയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊന്നു

വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ന്റെ ശുചിമുറിക്ക് അടുത്ത് വെച്ചാണ് സംഭവം നടന്നത്. മധുഗിരി സ്വദേശി രാമകൃഷ്ണ(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ നാട്ടുകാരനായ രമേശ് അറസ്റ്റിലായി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം – ബെംഗളൂരു പ്രത്യേക ട്രെയിൻ

ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു SMVT സ്റ്റേഷനിലേക്കാണ് സർവീസ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകൾ. ഓഗസ്റ്റ് - 20, 22, 25, 27, 29 സെപ്റ്റംബർ - 01, 03, 05, 08, 10, 12, 15, 17 എന്നീ തീയതികളിലാണ് SMVT ബെംഗളൂരു - കൊച്ചുവേളി സർവീസ്. രാത്രി 9 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2:15ന് കൊച്ചുവേളിയിലെത്തും. Read More

ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

പാലക്കാട് പുതുക്കോട് സ്വദേശി അതുല്യ ഗംഗാധരന്‍ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. ഒന്നാം വര്‍ഷ BSC നഴ്സിങ് വിദ്യാര്‍ഥിനിയായ അതുല്യ മറ്റ് മൂന്ന് സഹപാഠികള്‍ക്കൊപ്പമായിരുന്നു ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വിരാട് കോലിയുടെ ബെംഗളൂരുവിലെ പബിനെതിരെ കേസ്

ബെംഗളൂരു എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്യൂണ്‍ പബിനെതിരെയാണ് FIR രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവര്‍ത്തനാനുമതിയുള്ള ഒരു മണിക്ക് ശേഷവും പബ് പ്രവര്‍ത്തിച്ചതിനാണ് നടപടി. ഇതുകൂടാതെ അര്‍ദ്ധരാത്രി ഉച്ചത്തില്‍ പാട്ട് വെക്കുന്നുവെന്ന് പരാതി ലഭിച്ചതായും ബെംഗളൂരു പോലീസ് അറിയിച്ചു. എംജി റോഡിലെ മറ്റു പബുകള്‍ക്കെതിരെയും ബെംഗളൂരു പോലീസ് കേസെടുത്തിട്ടുണ്ട്.

കൊലപാതകക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ അറസ്റ്റില്‍

ബെംഗളൂരു ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി (33) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ അറസ്റ്റിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയടക്കം 10 പേരെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പവിത്രയ്ക്ക് രേണുക സ്വാമി അശ്ലീല സന്ദേശങ്ങളയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജൂണ്‍ 9 നാണ് രേണുക സ്വാമിയെ ബെംഗളൂരു സുമനഹള്ളി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചുട്ടുപൊള്ളി ബെംഗളൂരു നഗരം

ബെംഗളൂരു നഗരത്തിൽ ഇന്നലെ രേഖപ്പെടുത്തിയത് 50 വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയാണ്. 38.5 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2016 ഏപ്രിൽ 25ന് രേഖപ്പെടുത്തിയ 39.2 ഡിഗ്രി സെൽഷ്യസാണ് നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. കനത്ത ചൂടിനെ തുടർന്ന് പല സ്ഥലങ്ങളിലും ജല ക്ഷാമം രൂക്ഷമാണ്.

അനാക്കോണ്ടകളെ കടത്താന്‍ ശ്രമം; ബെംഗളൂരുവില്‍ യാത്രക്കാരന്‍ പിടിയില്‍

ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെയാണ് ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വന്യജീവിക്കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് അറിയിച്ചു. ജലാശയങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്ന പാമ്പുകളായ മഞ്ഞ അനക്കോണ്ട പരാഗ്വേ, ബൊളീവിയ, ബ്രസീല്‍, വടക്കുകിഴക്കന്‍ അര്‍ജന്റീന, വടക്കന്‍ ഉറുഗ്വേ എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്.

മഴ ഇല്ലാതെ 146 ദിവസങ്ങള്‍; വറ്റി വരണ്ട് ബെംഗളുരു

കഴിഞ്ഞ വര്‍ഷം നവംബര്‍ 21നാണ് ബെംഗളുരു നഗരത്തില്‍ മഴ ലഭിച്ചത്. ജലക്ഷാമം രൂക്ഷമായ നഗരം കനത്ത ചൂടിന്റെ പിടിയിലാണ്. എല്‍ നിനോ പ്രതിഭാസവും മണ്ണില്‍ ജലാംശം വളരെ കുറഞ്ഞ നിലയിലായതുമൊക്കെയാണ് ബെംഗളുരുവില്‍ മഴയെത്താത്തതിന് കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ ബെംഗളുരുവിന് പ്രതീക്ഷ നല്‍കിക്കൊണ്ട് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്.

ബെംഗളൂരു കഫേ സ്ഫോടനം; മുഖ്യപ്രതി പിടിയില്‍

ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ മുഖ്യപ്രതികളെ NIA കസ്റ്റഡിയിലെടുത്തു. ഒളിവില്‍ കഴിയുകയായിരുന്ന മുസാവിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മതീന്‍ താഹ എന്നിവരെ കൊല്‍ക്കത്തയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് ഒന്നിന് ബ്രൂക്ക്ഫീല്‍ഡിലെ കഫേയിലുണ്ടായ IED സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ശിവമോഗ ISIS മൊഡ്യൂളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് NIA വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.