രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ച ബഹിഷ്‌ക്കരിച്ച് മുസ്ലിം ലീഗ് MPമാര്‍

ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് എതിരെ പ്രതിഷേധം അറിയിച്ചത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം ലോക്സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ MP ആരോപിച്ചു. ഈ ചര്‍ച്ചയ്‌ക്കെതിരെ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികള്‍ മുന്നോട്ടുവരേണ്ടതായിരുന്നുവെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് അയോധ്യ രാമക്ഷേത്ര നിര്‍മാണവും പ്രാണപ്രതിഷ്ഠയും സംബന്ധിച്ച വിഷയത്തില്‍ ഇരു സഭകളിലും ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് BJP ചീഫ് വിപ്പ് ഡോ. ലക്ഷ്മികാന്ത് ബാജ്‌പേയി ഇരുസഭകളിലെയും പാര്‍ട്ടി അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വിപ്പ് നല്‍കിയിരുന്നു. ഇന്ത്യ സഖ്യത്തിലെ MPമാര്‍ ഇന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ യോഗം ചേരും.

കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ യാത്ര ആരംഭിച്ചു

കൊച്ചുവേളിയില്‍നിന്ന് രാവിലെ പത്ത് മണിക്ക് പുറപ്പെട്ട ട്രെയിന്‍ ഒ രാജഗോപാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 12 ന് പുലര്‍ച്ചെ രണ്ട് മണിക്ക് എത്തുന്ന ആസ്ത ട്രെയിനില്‍ 20 കൊച്ചുകളിലായി 972 യാത്രക്കാരാണ് ഉള്ളത്. 3300 രൂപയാണ് അയോധ്യയിലേക്കും തിരിച്ചും ഉള്ള ടിക്കറ്റ് നിരക്ക്. ഭക്ഷണം, താമസം, ദര്‍ശനം എന്നിവ സൗജന്യമാണ്.

കേരള-അയോധ്യ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും

കൊച്ചുവേളിയിൽ നിന്നാണ് കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങളെ അയോധ്യയിൽ എത്തിക്കുന്നതിന് വേണ്ടിയാണ് റെയിൽവേ ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചത്.Read More

അയോധ്യയിലേക്ക് സ്പൈസ് ജെറ്റിന്‍റെ 8 പുതിയ വിമാനങ്ങള്‍

അയോധ്യ രാമക്ഷേത്രത്തിലേക്ക് എത്തുന്ന സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് സ്പൈസ് ജെറ്റ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, പട്ന, ദർബംഗ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ഫെബ്രുവരി 1 മുതൽ പുതിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. രാമക്ഷേത്രത്തില്‍ ആദ്യ ആഴ്ച തന്നെ 19 ലക്ഷം പേർ എത്തിയെന്നാണ് കണക്കുകൾ.

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് ഉണ്ടാകില്ല

അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ സർവീസ് പാലക്കാട് ജില്ലയിലെ ഒലവങ്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് വൈകിട്ട് 7.10 ന് ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാലാണ് സർവീസ് നീട്ടി വെച്ചത്. അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്നാണ് നിലവിലെ വിവരം.

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിൻ സർവീസ് നാളെ ആരംഭിക്കും

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ പാലക്കാട് ജില്ലയിലെ ഒലവങ്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. നാളെ വൈകിട്ട് 7:10നാണ് ട്രെയിൻ പുറപ്പെടുക. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം പുലർച്ചെയാണ് അയോധ്യയിൽ എത്തുക.

അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യ ദിനം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപ

ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയായുമാണ് സംഭാവനകള്‍ ലഭിച്ചതെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു. ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22 ന് നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം 23 മുതലാണ് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്.

കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് 24 സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി സർവീസ് നടത്തും

ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക. രണ്ട് ദിവസത്തിനുള്ളില്‍ ട്രെയിനുകളുടെ സമയം റെയില്‍വെ അറിയിക്കും. തിരുവനന്തപുരം, പാലക്കാട്, നാഗർകോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് സർവീസ് ആരംഭിക്കുന്നത്.

ആദ്യദിനം രാമക്ഷേത്രത്തിൽ എത്തിയത് മൂന്ന് ലക്ഷത്തോളം ആളുകൾ

പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ക്ഷേത്ര കവാടത്തില്‍ ആളുകളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. ഇന്ന് ക്ഷേത്രത്തിൽ സുരക്ഷക്കായി നിയോഗിച്ചത് 8000 ലധികം ഉദ്യോഗസ്ഥരെയാണ്. 4,000ത്തോളം പുരോഹിതന്‍മാരും പണ്ഡിതരും ക്ഷേത്രദര്‍ശനത്തിന് എത്തിയെന്ന് മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.