നിയമസഭയില്‍ നമാസിനുളള ഇടവേള ഒഴിവാക്കി അസം സര്‍ക്കാര്‍

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയാണ് നിയമസഭയില്‍ വെള്ളിയാഴ്ച്ചകളിലെ രണ്ട് മണിക്കൂര്‍ നമാസ് ഇടവേള റദ്ദാക്കുന്നതായി അറിയിച്ചത്. നിയമസഭയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും കോളോണിയല്‍ രീതികളില്‍ നിന്നുള്ള മോചനത്തിനുമുളള ചുവടുവെപ്പാണിത്. മതപരമായ പരിഗണനകളില്ലാതെയാണ് നിയമസഭ പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 1937 ല്‍ മുസ്ലീം ലീഗിന്റെ സയ്യിദ് സാദുല ആരംഭിച്ച പതിവാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.

വെള്ളപ്പൊക്കം; അസമില്‍ അഞ്ച് വര്‍ഷത്തിനിടെ മരണപ്പെട്ടത് 880 പേര്‍

സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടമായവരുടെ കണക്കുകള്‍ പുറത്തുവിട്ട് അസം സര്‍ക്കാര്‍. അസമില്‍ 2019 മുതല്‍ 2024 ജൂലൈ 27 വരെ 880 പേര്‍ക്ക് പ്രളയം മൂലം ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 117 പേരാണ് വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടത്. 2023-ല്‍ 65, 2022-ല്‍ 278, 2021-ല്‍ 73, 2020-ല്‍ 190, 2019-ല്‍ 157 എന്നിങ്ങനെയാണ് ഓരോ വര്‍ഷവും മരണപ്പെട്ടവരുടെ എണ്ണം.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടി അസാമിലെ മൊയ്ദാംസ്

അസമിലെ അഹോം രാജവംശത്തിന്റെ ശവകുടീരങ്ങളായ മൊയ്ദാംസ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന യുനെസ്‌കോയുടെ ലോക പൈതൃക സമിതിയുടെ 46ാമത് യോഗത്തിലാണ് ഈ പ്രഖ്യാപനം. ഇതോടെ ഇന്ത്യയിലെ 43ാമത്തെയും അസാമിലെ മൂന്നാമത്തേയും ലോക പൈതൃക കേന്ദ്രമായി മൊയ്ദാംസ് മാറി. അസമിലെ അഹോം രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും പ്രഭുക്കന്മാര്‍ക്കും വേണ്ടി നിര്‍മ്മിച്ച പരമ്പരാഗത ശ്മശാനങ്ങളാണ് മൊയ്ദാംസ്.

അസം പ്രളയം: മരണസംഖ്യ 90 ആയി

അസമില്‍ വെള്ളപ്പൊക്കത്തില്‍ ഏഴ് പേര്‍ കൂടി മരിച്ചു. ഇതോടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി ഉയര്‍ന്നതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. സംസ്ഥാനത്തെ 24 ജില്ലകളിലായി 12.33 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. 75 റവന്യൂ വില്ലേജുകള്‍ക്ക് കീഴിലുള്ള 2406 വില്ലേജുകളും 32924.32 ഹെക്ടര്‍ കൃഷിയിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ 10 കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പെടെ 180 വന്യമൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ചത്തു.

പ്രളയക്കെടുതിയില്‍ അസം; മരണസംഖ്യ 66 ആയി

അസമിലെ പ്രളയത്തില്‍ ഇന്നലെ മൂന്ന് കുട്ടികളടക്കം എട്ട് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. ഇതോടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. പ്രളയത്തെ തുടര്‍ന്ന് അസമിലെ 98 ഓളം ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 68000ത്തോളം ഹെക്ടര്‍ കൃഷി നശിച്ചതയി സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. കാംരൂപ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുള്‍പ്പെടുത്തി പുതിയ വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

അസമിലെ പ്രളയം: മരണസംഖ്യ 30 കവിഞ്ഞു

അസമിലെ 15 ജില്ലകളെയാണ് പ്രളയം ബാധിച്ചത. 470 വില്ലേജുകളിലെ 24 റെവന്യൂ സര്‍ക്കിളുകളില്‍ വെള്ളപ്പൊക്കം രൂക്ഷമാവുകയാണ്. കരിംഗഞ്ചിലാണ് പ്രളയം ഏറ്റവും രൂക്ഷമായിരിക്കുന്നത്. രൂക്ഷമായ കരിംഗഞ്ചിലെ ബദര്‍പുര്‍ മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചിരുന്നു. 43 ദുരിതാശ്വാസ ക്യാമ്പുകളിലായി 5114 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 1300 ഹെക്ടറിലേറെ കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ട്.

അസമികളാവാന്‍ ശൈശവ വിവാഹവും ബഹുഭാര്യത്വവും ഉപേക്ഷിക്കണം: ഹിമന്ത ബിശ്വ ശര്‍മ

ബഹുഭാര്യത്വമടക്കമുള്ള കാര്യങ്ങള്‍ അസമിന്റെ സംസ്‌കാരമല്ലെന്ന് അസമിലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരോട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉപേക്ഷിക്കണമെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവരുതെന്നുമാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിബന്ധനകള്‍. CAA നടപ്പിലാക്കിയതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം.

അസമിലെ BJPയുടെ പ്രമുഖ ന്യൂനപക്ഷ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

2016ല്‍ അസം BJPയുടെ ആദ്യ ന്യൂനപക്ഷ MLAയായി തിരഞ്ഞെടുക്കപ്പെട്ട അമിനുള്‍ ഹഖ് ലാസ്‌കറാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസം കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് ജിതേന്ദ്ര സിംഗ് അല്‍വാറിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുളള അമിനുള്ളിന്റെ രാജി ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലുള്ള BJPയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

അസം കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവെച്ചു; ബിജെപിയിൽ ചേരാൻ സാധ്യത

സംസ്ഥാനത്തെ ഭരണകക്ഷിയായ BJP യിലോ സഖ്യകക്ഷിയായ ആസോം ഗണ പരിഷത്തിലോ ചേരാൻ ഗോസ്വാമി പദ്ധതിയിടുന്നുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് രാജി വിവരം അറിയിക്കുന്നത്. ജന്മനാടായ ജോർഹട്ടിൽ അനുയായികളെ കണ്ടതിന് ശേഷമാണ് രാജി. BJP യുടെ കേന്ദ്ര നേതൃത്വമായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായും ഗോസ്വാമി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്.

മുസ്ലീം വിവാഹ-വിവാഹ മോചന രജിസ്‌ട്രേഷന്‍ ആക്ട് റദ്ദാക്കി അസം

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരിക്കും ഇനി വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിര്‍മാണം ഉടന്‍ നടത്തുമെന്നും അസം മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു.