സുരക്ഷ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സൗകര്യങ്ങളും ഉപേക്ഷിച്ച് അരവിന്ദ് കെജ്‌രിവാള്‍ 15 ദിവസത്തിനുള്ളില്‍ ഔദ്യോഗിക വസതിയില്‍ നിന്ന് മാറി, സാധാരണക്കാരനെപ്പോലെ താമസിക്കുമെന്ന് AAP അറിയിച്ചു. രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം കെജ്‌രിവാള്‍ ആദ്യം സംസാരിച്ചത് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വിടാനുള്ള തീരുമാനമായിരുന്നുവെന്ന് AAP രാജ്യസഭാ MP സഞ്ജയ് സിംഗ് പറഞ്ഞു. അതേസമയം മുന്‍പ് നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുളളതിനാല്‍ അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും സിംഗ് പറഞ്ഞു.
അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. ലെഫ്റ്റനന്റ് ഗവര്‍ണർ വിനയ് കുമാർ സക്സേനയുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടി MLA മാർ ഇന്ന് ചേർന്ന നിർണായക യോഗത്തിലാണ് അതിഷി മർലേനയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാള്‍ ഞായറാഴ്ചയാണ് രണ്ടുദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നറിയിച്ചത്.
അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും
അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നതോടെ ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പുതിയ ഡല്‍ഹി മുഖ്യമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയുടെ MLAമാരുടെ നിര്‍ണായക യോഗത്തിലാണ് അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഈ മാസം 26, 27 തീയതികളിലായി ഡല്‍ഹി നിയമസഭ സമ്മേളനം ചേരും. അതിഷി മുഖ്യമന്ത്രിയാകുന്നതോടെ ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും.
അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും
വൈകിട്ടോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് നടക്കുന്ന MLAമാരുടെ യോഗത്തില്‍ തീരുമാനമായേക്കും. ഇന്നലെ കൂടിയ 11 അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്‌രിവാള്‍ നേരിട്ട് തേടിയിരുന്നു. അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനാണ് സാധ്യത.
അരവിന്ദ് കെജരിവാള്‍ നാളെ രാജിവെക്കും
AAP നേതാവ് അരവിന്ദ് കെജ്‌രിവാൾ നാളെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കും. ഡൽഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നാളെ രാജിക്കത്ത് കൈമാറും. രാജിവെക്കാനുള്ള കെജ്‌രിവാളിന്റെ തീരുമാനത്തെ ജനങ്ങൾ പ്രശംസിക്കുന്നുവെന്നും ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നും AAP നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
രണ്ടുദിവസം കഴിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. വോട്ടര്‍മാര്‍ തീരുമാനിക്കാതെ ആ സ്ഥാനത്ത് ഇരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ആംആദ്മി പാര്‍ട്ടി യോഗത്തിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മദ്യനയക്കേസില്‍ ആറുമാസം ജയിലില്‍ കിടന്ന ശേഷം രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം ജാമ്യം നേടി പുറത്തു വന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയില്‍ മോചിതനായി
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍ മോചിതനായത്. തീഹാര്‍ ജയിലിന് പുറത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം ഒരുക്കിയാണ് കെജ്‌രിവാളിനെ സ്വീകരിച്ചത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിന് പുറത്തെത്തിയ കെജ്‌രിവാളിന്റെ ആദ്യ പ്രതികരണം.
മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളിന് ജാമ്യം
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. CBI രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മാര്‍ച്ച് 21നാണ് സംഭവത്തിൽ ED കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ജയിലിൽ കഴിയവേ കേസിൽ ജൂൺ 26നാണ് CBI കേജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ED രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി കെജ്‌രിവാളിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്
ഡൽഹി മദ്യനയ കേസിൽ CBI അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഈ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ കെജ്‌രിവാൾ ജയിൽ മോചിതനാകും. ജസ്റ്റിസ് സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ED രജിസ്റ്റർ ചെയ്ത കേസിൽ ജൂലൈ 12ന് സുപ്രീംകോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ CBI അറസ്റ്റ് ചെയ്തതിനെതിരെയും ജാമ്യം തേടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്തും CBI അറസ്റ്റ് ചെയ്തതിനെതിരെയുമായി രണ്ട് വ്യത്യസ്ത ഹര്‍ജികളാണ് കെജ്‌രിവാള്‍ സമര്‍പ്പിച്ചിട്ടുളളത്. ജൂണ്‍ 26നാണ് AAP മേധാവിയെ CBI അറസ്റ്റ് ചെയ്തത്.