തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും

സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനെ തുടർന്നാണ് ജലവിതരണം തടസപ്പെടുന്നത്. വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, CSM നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിൽ രാവിലെ 10 മണിമുതൽ രാത്രി 12 വരെ ജലവിതരണം ഉണ്ടാകില്ല. അതിനാൽ ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വീണ്ടും ജലവിതരണം തടസപ്പെടും

സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രവർത്തനങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് ചൊവ്വാഴ്ച (24-09-2024) ജലവിതരണം തടസപ്പെടും. രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാകും ജലവിതരണം തടസപ്പെടുക. വഴുതക്കാട്, കോട്ടൺഹിൽ, പാലോട്ടുകോണം, തൈക്കാട്, CSM നഗർ, ഉദാരശിരോമണി റോഡ്, ഇടപ്പഴിഞ്ഞി, ശിശുവിഹാർ ലൈൻ, കെ. അനിരുദ്ധൻ റോഡ്, മേട്ടുക്കട, ഇറക്കം റോഡ്, വലിയശാല എന്നീ പ്രദേശങ്ങളിലാകും ജലവിതരണം തടസപ്പെടുകയെന്നും ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍പ്പെട്ടയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ട് കടന്നു; പരിക്കേറ്റയാള്‍ മരിച്ചു

തിരുവനന്തപുരം വെള്ളറടയില്‍ ബൈക്കിടിച്ച് പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു യാത്രികര്‍ കടന്നു. പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയോടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. റോഡില്‍ സുരേഷ് ബൈക്ക് ഇടിച്ച് വീഴുന്നതിന്റെയും രണ്ട് പേര്‍ സുരേഷിനെ മുറിയിലാക്കുന്നതിന്റെയും CCTV ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം നഗരത്തിലെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, CSM നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിൽ നാളെ കുടിവെള്ളം മുടങ്ങും. രാവിലെ 10 മണിമുതൽ രാത്രി 12 വരെ ജലവിതരണം ഉണ്ടാകില്ല. സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളെ തുടർന്നാണ് ജലവിതരണം തടസപ്പെടുന്നത്. നഗരത്തിൽ 4 ദിവസമായി മുടങ്ങിയ ജലവിതരണം ഇപ്പോഴും പല സ്ഥലങ്ങളിലും പുനഃസഥാപിച്ചിട്ടില്ല.

കുടിവെള്ള പ്രതിസന്ധി; വാട്ടര്‍ അതോറിറ്റിയെ കുറ്റപ്പെടുത്തി വി.കെ. പ്രശാന്ത്

തിരുവനന്തപുരത്തെ കുടിവെളള പ്രതിസന്ധിയില്‍ വാട്ടര്‍ അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.കെ. പ്രശാന്ത് MLA. സംഭവത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് വീഴ്ചയുണ്ടായി. ജല അതോറിറ്റി നഗരസഭയ്ക്ക് കൃത്യമായ അറിയിപ്പ് നല്‍കിയില്ലെന്നും ഇക്കാര്യത്തില്‍ മന്ത്രിയ്ക്ക് പരാതി നല്‍കുമെന്നും MLA പറഞ്ഞു. 48 മണിക്കൂര്‍ സമയപരിധി പറഞ്ഞായിരുന്നു വാട്ടര്‍ അതോറിറ്റി നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പണി നാലുദിവസം നീണ്ടുപോയതോടെ തലസ്ഥാനനഗരം ദുരിതത്തില്‍ ആകുകയായിരുന്നു.

കുടിവെള്ള പ്രതിസന്ധി: തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നാളെ നടക്കാനിരിക്കുന്ന പരീക്ഷകൾ മറ്റൊരു ദിവസം നടത്തുമെന്നും കളക്ടർ അറിയിച്ചു. അതേസമയം സാങ്കേതിക വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമുണ്ടാകില്ല. കോർപ്പറേഷൻ പരിധിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കളക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി: വിജ്ഞാപനം ഇറങ്ങി

നേമം റെയില്‍വേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും മാറ്റി സർക്കാർ വിജ്ഞാപനം ഇറങ്ങി. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് വരുന്നതോടെ ഔദ്യോഗികമായി പേരുമാറ്റം നിലവില്‍ വരും. ഇതോടെ ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റ്‌ലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ സജീവമാകും.

പാപ്പനംകോട് ഇന്‍ഷുറന്‍സ് ഓഫിസില്‍ തീപിടിത്തം; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

പാപ്പനംകോട് ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് ഓഫീസിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ ഓഫീസിലെ ജീവനക്കാരി വൈഷ്ണവ(35), തിരിച്ചറിയാത്ത മറ്റൊരു സ്ത്രീ എന്നിവര്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓഫീസ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. തീപിടിത്തത്തിനു കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ആമയിഴഞ്ചാന്‍ തോട് റെയില്‍വെ ടണല്‍ ശുചീകരിക്കുന്നതിന് 63 ലക്ഷം അനുവദിച്ചു

മാലിന്യം നീക്കുന്നതിനിടെ ശുചീകരണ തൊഴിലാളി മുങ്ങിമരിച്ച ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനൊരുങ്ങി സര്‍ക്കാര്‍. റെയില്‍വേയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ തിരുവനന്തപുരം നഗരസഭ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 AI ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴക്കൂട്ടത്തു നിന്നും കാണാതായ കുട്ടിയെ ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി

കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയെ തിരികെ നാട്ടിൽ എത്തിക്കുന്നതിനായി വിശാഖപട്ടണത്തെത്തിയ കേരള പോലീസ് കുട്ടിയെ ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. കുട്ടിയെ നാളെ കേരള പോലീസ് ഏറ്റുവാങ്ങും. ഇന്ന് കുട്ടി CWC യിൽ തുടരും. നാളെ രാത്രി 10:25ന് കേരള എക്സ്‌പ്രസിൽ വിജയവാഡയിൽ നിന്നും അന്വേഷണസംഘം കുട്ടിയുമായി കേരളത്തിലേക്ക് പുറപ്പെടും. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും.