നിപ: അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാട്

മലപ്പുറത്ത് നിപ ബാധിച്ച് യുവാവ് മരിച്ച സാഹചര്യത്തിൽ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളിലാണ് പരിശോധന നടത്തുക. മലപ്പുറത്തിന്റെ അതിർത്തി ജില്ലകളായ കോഴിക്കോടും, പാലക്കാടും ജാഗ്രതാ നിർദേശം നൽകാൻ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

അമേരിക്കന്‍ കമ്പനികളുമായി 2,666 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് സംസ്ഥാനത്തിന്റെ വ്യാവസായിക-സാമ്പത്തിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കരാറുകള്‍ ഒപ്പുവെച്ചത്. ഇലക്ട്രോണിക്സ് നിര്‍മ്മാണ സേവനങ്ങളിലെ മുന്‍നിരക്കാരായ ജാബിലുമായും ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ഓട്ടോമേഷന്‍ കമ്പനിയായ റോക്ക്വെല്‍ ഓട്ടോമേഷനുമായാണ് തമിഴ്‌നാട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചത്. ഈ കരാറുകള്‍ സംസ്ഥാനത്ത് 2,666 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും 5,365 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തമിഴ്നാട് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

വ്യാജ NCC ക്യാംപില്‍ 13 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി; ഇടപെട്ട് വനിതാ കമ്മീഷന്‍

ഓഗസ്റ്റ് ആദ്യ വാരം തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച NCC ക്യാംപില്‍ വച്ചാണ് അതിക്രമം നടന്നത്. ക്യാംപ് സംഘടിപ്പിച്ചവര്‍ അടക്കമുള്ള 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. 41 വിദ്യാര്‍ത്ഥികളാണ് ക്യാംപില്‍ പങ്കെടുത്തത്. ക്യാംപിലുണ്ടായ അതിക്രമത്തേക്കുറിച്ച് വീട്ടിലെത്തിയ ഒരു പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്ത് വരുന്നത്.

വ്യാജ NCC ക്യാമ്പ് സംഘടിപ്പിച്ച് 13 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു

തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് വ്യാജ NCC ക്യാമ്പ് സംഘടിപ്പിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കുകയും 12 പേരെ ലൈംഗികമയി ദുരുപയോഗം ചെയ്തതായും പോലീസ് അറിയിച്ചു.സംഭവത്തില്‍ ക്യാമ്പ് സംഘാടകര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് അധ്യാപകര്‍ എന്നിവരുള്‍പ്പടെ 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്വകാര്യ സ്‌കൂളിന് NCC യൂണിറ്റില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ മാസം ആദ്യം നടന്ന ത്രിദിന ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

നിപ: കേരളാ അതിർത്തിയിൽ തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു

താളൂരിലാണ് ആരോഗ്യവകുപ്പിൻ്റെ പരിശോധന. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. യാത്രക്കാരോട് മാസ്ക് ധരിക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. അതേസമയം യാത്രാ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അതേസമയം മലപ്പുറം പാണ്ടിക്കാട്ടിൽ നിപ വൈറസ് ബാധയെ തുടർന്നുള്ള ആശങ്ക ക്രമേണ ശമിക്കുന്നുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ ഉൾപ്പെടെ ഇന്നലെ വരെ വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.

നിപ: കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട് പരിശോധന ഏർപ്പെടുത്തി

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തികളിൽ തമിഴ്നാട് പരിശോധന ഏർപ്പെടുത്തി. പാലക്കാട്, വാളയാർ അതിർത്തികളിലാണ് പരിശോധന. കേരളത്തിൽ നിന്നെത്തുന്നവരുടെ ശരീര താപനില അടക്കം പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള ചിലരും ഉൾപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് തമിഴ്നാടിന്റെ നടപടി.

അമോണിയ വാതകച്ചോര്‍ച്ച; തമിഴ്നാട്ടില്‍ 30 സ്ത്രീ തൊഴിലാളികള്‍ ആശുപത്രിയില്‍

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സ്വകാര്യ മത്സ്യ സംസ്‌കരണ പ്ലാന്റില്‍ അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 30 ഓളം സ്ത്രീ തൊഴിലാളികള്‍ ചികിത്സയില്‍. തൂത്തുക്കുടി പുടൂര്‍ പാണ്ഡ്യപുരത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിനുള്ളില്‍ ഇന്നലെ രാത്രി വൈദ്യുത തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് അമോണിയ സിലിണ്ടര്‍ പൊട്ടിയാണ് വാതക ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ സമയം പ്ലാന്റിനുള്ളില്‍ ജോലി ചെയ്തിരുന്ന നിരവധി സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍, തലകറക്കം തുടങ്ങിയ ഉണ്ടാകുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ തലമുത്ത് നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി പദത്തിലേക്ക്

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മകനും യുവജനക്ഷേമ, കായിക വകുപ്പുകളുടെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് റിപ്പോർട്ട്. സർക്കാരിലുള്ള ഉദയനിധിയുടെ സ്വാധീനം വർദ്ധിക്കുന്നതിനും ഭരണ തലത്തിൽ സ്റ്റാലിന്റെ ഭാരം ലഘൂകരിക്കുന്നതിനുമാണ് ഉദയനിധിക്ക് സ്ഥാനക്കയറ്റം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓഗസ്റ്റ് 22നു മുമ്പ് ഉദയനിധിയുടെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം; രണ്ട് മരണം

തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയിലുള്ള പടക്ക നിര്‍മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഗ്‌നിശമനസേന അറിയിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 29ന് വിരുദുനഗര്‍ ജില്ലയിലെ ബന്ധുവാര്‍പട്ടിയിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരണപ്പെട്ടിരുന്നു.

തമിഴ്നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നന്ദി പ്രകടന പൊതുയോഗങ്ങൾ നടത്താനൊരുങ്ങി BJP

തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും BJP നന്ദി പ്രകടന പൊതുയോഗങ്ങൾ നടത്താൻ തയാറെടുക്കുന്നു. ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ BJP സംസ്ഥാന പ്രസിഡന്റ കെ. അണ്ണാമലൈ നിർദേശം നൽകി. ചെന്നൈയിലെ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് നന്ദി പ്രകടന പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിനെപ്പറ്റി അണ്ണാമലൈ പറഞ്ഞത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ പുനഃക്രമീകരണം സംഭവിക്കാമെന്നും BJP ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അണ്ണാമലൈ പറഞ്ഞു.