അതിവേഗം ചെക്കുകള്‍ മാറാം; സംവിധാനവുമായി റിസര്‍വ് ബാങ്ക്

മണിക്കൂറുകള്‍ക്കകം ചെക്കുകള്‍ മാറാന്‍ സംവിധാനമൊരുക്കി റിസര്‍വ് ബാങ്ക്. ചെക്ക് ക്ലിയറന്‍സ് സമയം കുറയ്ക്കുമെന്നും ചെക്ക് ട്രാന്‍സാക്ഷന്‍ സിസ്റ്റത്തില്‍ ഓണ്‍-റിയലൈസേഷന്‍ സെറ്റില്‍മെന്റ് അവതരിപ്പിക്കുന്നതിലൂടെ മണിക്കൂറുകള്‍ക്കകം ചെക്ക് പാസാകാനുള്ള സംവിധാനം കൊണ്ടുവരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നിലവില്‍ രണ്ട് പ്രവൃത്തിദിനം വരെ എടുത്താണ് ബാങ്കുകള്‍ ചെക്കുകള്‍ പാസാക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും അതിവേഗം പണം ലഭ്യമാകും.

UPI വഴി 5 ലക്ഷം വരെ നികുതി അടയ്ക്കാം; പുത്തന്‍ മാറ്റങ്ങളുമായി റിസര്‍വ് ബാങ്ക്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പണമിടപാടിന് ഉപയോഗിക്കുന്ന UPI (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) സംവിധാനത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്. UPI വഴി നികുതിയടക്കാനുള്ള പരിധി ഒരുലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. അതേസമയം സാധാരണ UPI ഇടപാടുകളുടെ പരിധി ഒരു ലക്ഷമായി തന്നെ തുടരും. കൂടാതെ മറ്റൊരാളുടെ അക്കൗണ്ട് അദ്ദേഹത്തിന്റെ അനുമതിയോടെ UPIയുമായി ബന്ധിപ്പിക്കുന്ന ഡെലിഗേറ്റഡ് പേമെന്റ് സംവിധാനം നടപ്പാക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നിലവില്‍ സ്വന്തം അക്കൗണ്ട് മാത്രമാണ് UPIയുമായി ബന്ധപ്പെടുത്താന്‍ കഴിയുക.

കൊടാക് മഹീന്ദ്ര ബാങ്കിന് RBI വിലക്ക്

1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 A പ്രകാരം ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗ് ചാനലുകള്‍ വഴി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനുമാണ് RBI കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡാറ്റാ സുരക്ഷാ ആശങ്കകളും അപര്യാപ്തമായ IT ഇന്‍ഫ്രാസ്ട്രക്ചറും ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്കിന്റെ നടപടി. അതേസമയം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ ഉള്‍പ്പെടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്ക് സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്നും RBI അറിയിച്ചു.

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഏറ്റവും മികച്ച ദിവസ വേതനം ലഭിക്കുന്നത് കേരളത്തില്‍

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഏറ്റവും മികച്ച ദിവസ വേതനം ലഭിക്കുന്നത് കേരളത്തിലാണെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ കർഷകത്തൊഴിലാളിക്ക് ലഭിക്കുന്ന ദിവസ വേതനം 764.3 രൂപയാണ്. പട്ടികയില്‍ ഏറ്റവും താഴെയുളളത് 229.2 രൂപ ലഭിക്കുന്ന മധ്യപ്രദേശാണ്.