റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ കുടിശിക നാളെ നൽകും: മന്ത്രി ജി.ആർ. അനിൽ

റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കുടിശിക തുക നാളെ തന്നെ നൽകുമെന്ന് അറിയിച്ച് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. മൂന്ന് മാസമായി തുക കുടിശികയായതോടെയാണ് സമരത്തിലേക്ക് പോകാന്‍ വാതില്‍പ്പടി വിതരണക്കാര്‍ തീരുമാനിച്ചത്. വാതിൽപ്പടി വിതരണക്കാർ സമരത്തിലേക്ക് പോകേണ്ടിവരില്ലെന്നും കുടിശിക നൽകാനായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഓണത്തിന് മുന്‍പ് മുഴുവൻ കുടിശികയും നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് സമരത്തിലേക്ക് പോകാന്‍ വാതില്‍പ്പടി വിതരണക്കാര്‍ തീരുമാനിച്ചത്.

റേഷന്‍ കടകളില്‍ നാളെ മുതല്‍ ഓണകിറ്റ് വിതരണം ചെയ്യും

റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.Read More

റേഷൻ വ്യാപാരി കമ്മീഷൻ: മൂന്ന് മാസത്തെ തുക മുൻകൂർ അനുവദിച്ചു

റേഷൻ വ്യാപാരി കമ്മീഷൻ വിതരണത്തിന്‌ മൂന്ന് മാസത്തേക്ക്‌ ആവശ്യമായ തുക മുൻകൂറായി അനുവദിച്ചു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കമ്മീഷൻ വിതരണത്തിന്‌ ആവശ്യമായ 51.26 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ദേശീയ ഭക്ഷ്യ നിയമത്തിന് കീഴിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ്‌ കമ്മീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കിയത്‌.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണം

ഇനി മുതല്‍ ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടയില്‍ നിന്ന് മാത്രമെ മണ്ണെണ്ണ വിതരണം ചെയ്യൂ. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അതേസമയം മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയുളള സര്‍ക്കാര്‍ നീക്കം റേഷന്‍ വിതരണത്തെ മൊത്തത്തില്‍ തകര്‍ക്കുന്നതാണെന്ന് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നു. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ ആളുകള്‍ അവിടെ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങുമെന്നും ഇത് മറ്റ് റേഷന്‍ കടകളില്‍ കച്ചവടം കുറയുന്നതിന് കാരണമാകുമെന്നും വ്യാപാരികള്‍ പറയുന്നു.

ഇന്നും നാളെയും റേഷൻകട വ്യാപാരികൾ കടകൾ അടച്ച് സമരം ചെയ്യും

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ റേഷൻ മേഖലയെ അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് സമരം. വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ഇത് സൂചന പണിമുടക്കാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും റേഷൻ വ്യാപാരി സംഘടനകൾ അറിയിച്ചു.

മന്ത്രിയുമായുള്ള ചർച്ച വിജയിച്ചില്ല: ജൂൺ 8,9 തീയതികളിൽ റേഷൻകട വ്യാപാരികൾ സമരം നടത്തും

ജൂൺ 8,9 തീയതികളിൽ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുന്നതിന് മുന്നോടിയായി റേഷൻ വ്യാപാരികൾ ഭക്ഷ്യ മന്ത്രി ജി.ആർ. അനിലും ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, ക്ഷേമനിധി പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഭക്ഷ്യ മന്ത്രിക്ക് മുൻപാകെ റേഷൻ വ്യാപാരികൾ സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ ഇതിൽ തീരുമാനമെടുക്കാൻ പത്താം തീയതി കഴിയും എന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെയാണ് സമരവുമായി മുന്നോട്ടു പോകാൻ വ്യാപാരികൾ തീരുമാനിച്ചത്.

ഈ മാസം 6 മുതല്‍ 9 വരെ റേഷന്‍ കടകള്‍ തുറക്കില്ല

സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസത്തേക്കാണ് റേഷന്‍ കടകള്‍ അടഞ്ഞു കിടക്കുന്നത്. രണ്ട് അവധി ദിവസങ്ങളും റേഷന്‍ വ്യാപാരികളുടെ രണ്ട് ദിവസത്തെ കടയടപ്പ് സമരവുമാണ് റേഷന്‍ കട തുറക്കാത്തതിന് കാരണം. 14,000ത്തോളം റേഷന്‍ കടകള്‍ ഈ നാല് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല.

റേഷൻ കടകളുടെ പ്രവർത്തന സമയം സാധാരണ നിലയിലായി

ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്ത് കേരളത്തിലെ റേഷൻ കടകളുടെ സമയക്രമം മാറ്റിയത് പഴയ രീതിയിലേക്ക് പുനഃസ്ഥാപിച്ചു. രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാകും റേഷൻ കടകൾ പ്രവർത്തിക്കുക.

ഉഷ്ണതരംഗ സാധ്യതകളെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം വരുത്തി

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കിയാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ആണ് സമയത്തിലെ മാറ്റം സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും വരെ ചൂട് കൂടാം എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉളളത്.

മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി

ഏപ്രില്‍ 6 വരെയാണ് റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടിയത്. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. റേഷന്‍ കടകളിലെത്തിയ ആളുകള്‍ക്ക് അരി വാങ്ങാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കുന്നത്.