മിറാഷ് 2005-5 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വില്‍ക്കാനൊരുങ്ങി ഖത്തര്‍

ഖത്തറില്‍ നിന്നുള്ള പ്രതിരോധ സംഘം ഡല്‍ഹിയില്‍ ഇന്ത്യന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. 12 മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ കൈമാറാനാണ് ഖത്തര്‍ ഒരുങ്ങുന്നത്. നിലവില്‍ ഖത്തര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതുമായ യുദ്ധവിമാനങ്ങളാണ് ഇന്ത്യക്ക് നല്‍കാനായി തയാറെടുക്കുന്നത്. എയര്‍ക്രാഫ്റ്റുകള്‍ കൈമാറാന്‍ ഖത്തര്‍ 5000 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ സ്വദേശികളായ മുഹമ്മദ് ത്വയ്യിബ് (21), മുഹമ്മദ് ഹബീല്‍ (21) എന്നിവരാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. മുഹമ്മദ് ത്വയ്യിബ് ഖത്തര്‍ മിലിട്ടറി ജീവനക്കാരനും മുഹമ്മദ് ഹബീല്‍ ദോഹ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമാണ്. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ ചികിത്സയിലാണ്.

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറും UAEയും

ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഖത്തര്‍. UAEയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഖത്തറിന്റെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദനം 2014ല്‍ ഗണ്യമായ ഇടിവിന് മുന്‍പേ തന്നെ 1,43,000 ഡോളറിലെത്തിയിരുന്നു. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രതിരോധ ശേഷിയേയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം; ഒന്നാം സ്ഥാനം ഖത്തറിന്

ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് എന്ന സ്ഥാനം സ്വന്തമാക്കി ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 12 തവണ ജേതാവായ സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ടിനെ പിന്തള്ളിയാണ് ഖത്തറിന്റെ നേട്ടം. സൗത്ത് കൊറിയയിലെ സിയോള്‍ ഇഞ്ചിയോണിനാണ് മൂന്നാം സ്ഥാനം. ചെക്ക്-ഇന്‍, സെക്യൂരിറ്റി, ഇമിഗ്രേഷന്‍, പുറപ്പെടല്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലെ യാത്രക്കാരുടെ അഭിപ്രായ സര്‍വേ അടിസ്ഥാനമാക്കി സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ടാണ് ഈ ഫലം പുറത്തുവിട്ടിരിക്കുന്നത്.

ഖത്തറില്‍ കൂടുതല്‍ കാര്‍ മോഡലുകള്‍ തിരിച്ചുവിളിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

വിതരണക്കാരായ മസ്ദയുമായി സഹകരിച്ച് മസ്ദ CX-60, CX-90 എന്നിവയുടെ 2023 മോഡലുകളാണ് വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചുവിളിച്ചത്. സ്റ്റിയറിംഗ് ഗിയര്‍ സ്പ്രിംഗിന് ബലക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസവും ലെക്സസ് LX, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങളുടെ 2022-2024 മോഡലുകള്‍, സുസുക്കി ജിംനിയുടെ 2018-2019 മോഡലുകള്‍, ഫോര്‍ഡ് F 150 2023 മോഡല്‍ എന്നിവ തിരിച്ചു വിളിച്ചിരുന്നു.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി US സ്‌റ്റേറ്റ് സെക്രട്ടറി

നിലവില്‍ ഖത്തറില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒരു താല്‍ക്കാലിക കരാറിലെങ്കിലും എത്തുന്നതിനായി ശ്രമിക്കുകയാണെന്നും US, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും US സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രായേല്‍ ജയിലുകളില്‍ തടങ്കലില്‍ കഴിയുന്ന നൂറുകണക്കിന് പാലസ്തീനികളെ വിട്ടയക്കുന്നതിന് പകരമായി 40 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ അനുവദിക്കുന്ന ആറാഴ്ചത്തെ ഉടമ്പടിയെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഗസയിലെ വെടിനിര്‍ത്തല്‍; ദോഹയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം

ഗസയിലെ വെടിനിര്‍ത്തലും ബന്ദിമോചനവും സംബന്ധിച്ച് ദോഹയില്‍ ഇസ്രായേല്‍-ഹമാസ് പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി വ്യക്തമാക്കി. താല്‍ക്കാലിക വെടിനിര്‍ത്തല്‍, ഗസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കല്‍ എന്നിവയ്ക്കാണ് ചര്‍ച്ചയില്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ റഫയില്‍ ആക്രമണം നടത്തിയാല്‍ വന്‍ മാനുഷിക ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഗസയിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഖത്തറും ഫ്രാന്‍സും; 200 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായമെത്തിക്കും

ഗസയിലെ അടിയന്തര വെടിനിര്‍ത്തലിനും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാനുഷിക സഹായമെത്തിക്കാന്‍ ഗസയുടെ വടക്കന്‍ അതിര്‍ത്തികള്‍ ഉള്‍പ്പെടെ എല്ലാ ക്രോസിങ്ങുകളും തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീറിനെ സന്ദർശിച്ചു

ഖത്തർ അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് മോദി ഖത്തർ സന്ദർശിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിൽ പ്രധാനമന്ത്രി ഖത്തർ അമീറിനോട് നന്ദി അറിയിച്ചു.

പ്രധാനമന്ത്രി ഖത്തറില്‍; ഉഭയകക്ഷി ചര്‍ച്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി. ചാരവൃത്തി ആരോപിച്ച് ജയിലിലടച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ വിട്ടയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം. ദ്വിദിന സന്ദര്‍ശനത്തിനെത്തിയ മോദി ഖത്തര്‍ ഭരണാധികാരി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും.