പേടിഎമ്മിന്റെ ടിക്കറ്റ് ബുക്കിങ് ബിസിനസ് സൊമാറ്റോയ്ക്ക് കൈമാറാനൊരുങ്ങുന്നു

ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പായ പേടിഎം തങ്ങളുടെ സിനിമ ടിക്കറ്റ് ബുക്കിങ് ബിസിനസ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോക്ക് കൈമാറുന്ന ചര്‍ച്ചയുടെ ആദ്യഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 2000 കോടി രൂപ വിലമതിക്കുന്ന കൈമാറ്റമായിരിക്കും നടക്കുക. പേടിഎം പോലെയുള്ള ഫിന്‍ടെക് സ്ഥാപനങ്ങള്‍ അവരുടെ പ്രധാന ബിസിനസില്‍ ഊന്നല്‍ നല്‍കാന്‍ മറ്റുള്ളവ വില്‍പ്പന നടത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ട് പേടിഎം

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി പേടിഎം ജീവനക്കാരെ പിരിച്ചുവിടുന്നത്. ചെലവ് ചുരുക്കി കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും പ്രധാന ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഓഹരി ഉടമകള്‍ക്കയച്ച കത്തില്‍ CEO വിജയ് ശേഖര്‍ ശര്‍മ വ്യക്തമാക്കിയിരുന്നു. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മറ്റ് തൊഴിലുകള്‍ ലഭിക്കാന്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പേടിഎം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി. ഈ സാമ്പത്തിക വര്‍ഷം മൊത്തം തൊഴില്‍ശേഷിയില്‍ 15 മുതല്‍ 20 ശതമാനം വരെ വെട്ടിച്ചുരുക്കാനാണ് നീക്കം. 5000 മുതല്‍ 6000 വരെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടേക്കും. ഇതിലൂടെ 500 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി കരുതുന്നത്.

RBI വിലക്ക് തിരിച്ചടിയായി; പേടിഎമ്മിന്റെ നഷ്ടം 550 കോടിയായി ഉയര്‍ന്നു

ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തില്‍ പേടിഎമ്മിന്റെ നഷ്ടത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറില്‍ 219 കോടിയായിരുന്നു നഷ്ടം. ഇക്കാലയളവില്‍ വരുമാനത്തില്‍ 2.9 ശതമാനത്തിന്റെ ഇടിവും നേരിട്ടു. നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള ബാങ്കിങ് സേവനങ്ങള്‍ നടത്തുന്നതില്‍ പേടിഎമ്മിനെ RBI വിലക്കിയതാണ് ഇതിന് കാരണമായത്.

പേടിഎം ബാങ്കിംഗ് യൂണിറ്റ് CEO സുരീന്ദർ ചൗള രാജിവെച്ചു

പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിൻ്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുരീന്ദർ ചൗള കമ്പനിയിൽ നിന്ന് രാജിവച്ചതായി പേടിഎം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് സ്ഥാനമൊഴിയുന്നതെന്ന് സുരീന്ദർ ചൗള രാജി കത്തിൽ പറഞ്ഞു. ആരായിരിക്കും ചൗളയുടെ പിൻഗാമിയായി എത്തുന്നത് എന്ന് സംബന്ധിച്ച് തീരുമാനമായിട്ടില്ല. പേടിഎം RBI യുടെ ഭാഗത്ത് നിന്ന് നടപടികൾ നേരിടുന്ന സമയത്താണ് ചൗളയുടെ രാജി.

പേടിഎം ഓഹരികളില്‍ ഇന്ന് കുതിപ്പ്; അഞ്ച് ശതമാനം മുന്നേറി

പേടിഎം ഓഹരിയില്‍ അഞ്ച് ശതമാനം മുന്നേറ്റം ഉണ്ടായതോടെ ഓഹരി അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. UPI സേവനങ്ങളുമായി മുന്നോട്ട് പോകാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുവാദം നല്‍കിയതോടെയാണ് പേടിഎമ്മിന്റെ ഓഹരികളില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. ആക്സിസ് ബാങ്ക്, HDFC ബാങ്ക്, SBI, യെസ് ബാങ്ക് എന്നിവയുമായി ചേര്‍ന്നാണ് പേടിഎം UPI സേവനം നല്‍കുക.

പേടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ച് NPCI

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് UPI സേവനം തുടര്‍ന്നും പേടിഎമ്മിന് നല്‍കാനാകും. ഫോണ്‍പേ, ഗൂഗിള്‍പേ എന്നിവ പോലെയുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി പേടിഎമ്മിന് പ്രവര്‍ത്തിക്കാനാകുമെന്ന് NPCI ( നാഷണല്‍ പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ) വ്യക്തമാക്കി. മാര്‍ച്ച് 15ന് ശേഷം പുതിയ നിക്ഷേപങ്ങള്‍, ഇടപാടുകള്‍ അടക്കമുള്ള സേവനങ്ങള്‍ നടത്തുന്നതിനാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് RBI വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് 15ന് ശേഷം പേടിഎം പേയ്‌മെന്റ് ബാങ്ക് സേവനം അവസാനിപ്പിക്കും

RBIയുടെ നിര്‍ദേശ പ്രകാരം മാര്‍ച്ച് 15ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുക, ക്രെഡിറ്റ് ഇടപാടുകള്‍ എന്നീ സേവനങ്ങള്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അവസാനിപ്പിക്കും. സ്റ്റോക്ക് ട്രേഡിംഗിന് മാത്രമായി പേടിഎം ബാങ്ക് ഉപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പേടിഎം പേയ്മെന്റ് ബാങ്കിന്റെ മറവില്‍ വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചുവെന്നും കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെയും തുടര്‍ന്നാണ് ജനുവരി 31ന് RBI നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പേടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ മാര്‍ച്ച് 15 നകം ബാങ്ക് മാറണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ടോള്‍ പിരിവ് വിഭാഗമായ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ഫാസ്ടാഗ് നല്‍കാനുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേമെന്റ് ബാങ്കിനെ നേരത്തെ ഒഴിവാക്കിയിരുന്നു. മാര്‍ച്ച് 15 ന് മുമ്പായി മറ്റ് ബാങ്കുകളിലേക്ക് മാറിയില്ലെങ്കില്‍ ഇരട്ടി പിഴയും സേവന തടസങ്ങളും ഉണ്ടാകുമെന്നാണ് പുതിയ അറിയിപ്പുളളത്. ചട്ടങ്ങളില്‍ പേടിഎം പേമെന്റ്‌സ് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തിയതിനാല്‍ ഇവരുടെ സേവനങ്ങള്‍ക്ക് RBI യുടെ വിലക്കുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമങ്ങള്‍ ലംഘിച്ചു; പേടിഎമ്മിന് 5.49 കോടി രൂപ പിഴ ചുമത്തി

പേടിഎം പേയ്‌മെന്റ് ബാങ്കിന് ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യയാണ് 5.49 കോടി രൂപ പിഴ ചുമത്തിയതെന്ന് ധനമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 15നാണ് പിഴ ചുമത്തി ഉത്തരവിറക്കിയത്. ഓണ്‍ലൈന്‍ ചൂതാട്ടം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്ന ചില സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭം പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിലുള്ള അക്കൗണ്ടുകളിലൂടെയാണ് വിതരണം ചെയ്യുന്നതെന്നാണ് ആരോപണം.