അഡ്വാന്‍സ് വോയ്സ് മോഡ് അവതരിപ്പിച്ച് ചാറ്റ് GPT

ചാറ്റ് GPTയില്‍ കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള അഡ്വാന്‍സ് വോയ്സ് മോഡാണ് അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ ചാറ്റ് GPT പ്ലസ്, ടീംസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. എന്റര്‍പ്രൈസ് എഡ്യു ഉപഭോക്താക്കള്‍ക്ക് അടുത്തയാഴ്ചയോടെ ഈ ഫീച്ചര്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചാറ്റ് GPT-5 മോഡല്‍ ആദ്യ നല്‍കുക USനെന്ന് ഓപ്പണ്‍ AI

ഓപ്പണ്‍ AIയുടെ അടുത്ത ഫൗണ്ടേഷണല്‍ മോഡലായ ചാറ്റ് GPT-5 ന്റെ നിര്‍മാണത്തിനായി US എഐ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി ചാറ്റ് GPT-5 മോഡല്‍ ആദ്യം ഇന്‍സ്റ്റിറ്റ്യൂട്ടിന് തന്നെ ലഭ്യമാക്കുമെന്ന് ഓപ്പണ്‍ AI മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. പുതിയ മോഡല്‍ സുരക്ഷിതമാണോയെന്നും പൊതു ഉപയോഗത്തിന് അനുയോജ്യമാണോയെന്നും ഉറപ്പാക്കുകയാണ് AI സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല.

പുതിയ സുരക്ഷാ കമ്മിറ്റിയെ നിയമിച്ച് ഓപ്പണ്‍ AI

പഴയ സുരക്ഷാ ടീമിനെ പൂര്‍ണമായും പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. സുരക്ഷ, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട് ബോര്‍ഡിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായാണ് പുതിയ നടപടി. CEO സാം ഓള്‍ട്ട്മാന്റെയും കമ്പനി ബോര്‍ഡ് ചെയര്‍ ബ്രെറ്റ് ടെയ്ലറുടേയും ബോര്‍ഡ് അംഗം നിക്കോള്‍ സെലിഗ്മാന്റേയും നേതൃത്വത്തിലാണ് ടീം പ്രവര്‍ത്തിക്കുക.

സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധയില്ല; ഓപ്പണ്‍ AIയുടെ മുഖ്യ ഗവേഷകന്‍ രാജിവെച്ചു

AIയുമായി ബന്ധപ്പെട്ട സുരക്ഷാകാര്യങ്ങളില്‍ കമ്പനി വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് AI ഗവേഷകന്‍ ജാന്‍ ലീക്ക് രാജിവെച്ചത്. AI സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് അവസാനം കണ്ടില്ലെങ്കില്‍ മനുഷ്യരാശിക്ക് തന്നെ അപകടകരമാണെന്നും ജാക്ക് ലീക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓപ്പണ്‍ AIയുടെ വളര്‍ച്ചയുടെ പ്രധാന ഭാഗമായിരുന്നു ജാന്‍ ലീക്ക്.

ഡീപ്പ് ഫേക്കുകള്‍ തിരിച്ചറിയാനുള്ള പുതിയ ടൂളുമായി ഓപ്പണ്‍ AI

ഓപ്പണ്‍ AIയുടെ DALL-E എന്ന ടെക്‌സ്റ്റ് ടു ഇമേജ് ജനറേറ്റര്‍ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള പുതിയ ടൂളാണ് അവതരിപ്പിച്ചിരിക്കുന്നത്. DALL-E ഉപയോഗിച്ച് നിര്‍മിച്ച 98 ശതമാനം ചിത്രങ്ങളെയും കണ്ടെത്താനുള്ള ശേഷി ഈ ടൂളിനുണ്ടെന്നാണ് കമ്പനി പറയുന്നത്. ചിത്രങ്ങള്‍ ക്രോപ്പ് ചെയ്താലും, കംപ്രസ് ചെയ്താലും, സാച്ചുറേഷനില്‍ മാറ്റങ്ങള്‍ വരുത്തിയാലും ഈ ടൂളിന് കണ്ടെത്താനാവും.

സ്വന്തമായി സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പാക്കാനൊരുങ്ങി ഓപ്പണ്‍ AI

ബിങ് സെര്‍ച്ച് എഞ്ചിന്റെ പിന്‍ബലത്തില്‍ ഗൂഗിള്‍ സെര്‍ച്ചിന് പകരം വെയ്ക്കാന്‍ സാധിക്കുന്ന വെബ് സെര്‍ച്ച് എഞ്ചിന്‍ ഓപ്പണ്‍ AI അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സെര്‍ച്ചില്‍ AI ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം വിവരങ്ങള്‍ കണ്ടെത്തുന്നതിനും മറ്റും കൂടുതല്‍ മാര്‍ഗങ്ങളും കമ്പനി അവതരിപ്പിച്ചേക്കും. മേയ് 14ന് ഗൂഗിളിന്റെ സമ്മേളനം നടക്കുന്നതിന് മുന്നോടിയായി സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐഫോണുകളില്‍ AI അധിഷ്ഠിത സൗകര്യങ്ങള്‍ എത്തിക്കുന്നതിനായി ആപ്പിള്‍ ഓപ്പണ്‍ AIയുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചു

ആപ്പിളിന്റെ iOS 18ല്‍ ഓപ്പണ്‍ AIയുടെ ഫീച്ചറുകള്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇരു കമ്പനികളും നേരത്തെയും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ജെമിനി ചാറ്റ് ബോട്ട് ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിന് വേണ്ടി ഗൂഗിളുമായും ആപ്പിള്‍ ചര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സ്വന്തമായി AI മോഡലുകള്‍ ആപ്പിള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും മികച്ചൊരു ചാറ്റ്ബോട്ട് ഫീച്ചര്‍ iOSല്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് പുറത്ത് നിന്നൊരു പങ്കാളിയെ കമ്പനി തേടുന്നത്.

ഇനി മുതല്‍ ചാറ്റ് GPT അക്കൗണ്ട് ഉപയോഗിക്കാന്‍ ലോഗിന്‍ ചെയ്യേണ്ടതില്ലെന്ന് കമ്പനി

ലോഗിന്‍ ചെയ്യാതെ ചാറ്റ് GPT ഉപയോഗിക്കാമെങ്കിലും നിങ്ങളുടെ ചാറ്റുകള്‍ സേവ് ചെയ്യണമെങ്കില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണം. അതുപോലെ ശബ്ദത്തില്‍ മറുപടി ലഭിക്കണമെങ്കിലും മറുപടികള്‍ മറ്റുള്ളവരുമായി പങ്കുവെക്കണമെങ്കിലും ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഓപ്പണ്‍ AI പുതിയ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപകടകരവും നിയമവിരുദ്ധവുമായ പ്രോംറ്റുകള്‍ തടയുന്നതിന് കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായും കമ്പനി വ്യക്തമാക്കി.

സ്റ്റാര്‍ഗേറ്റ് എന്നപേരില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ പദ്ധതിയുമായി ഓപ്പണ്‍ AIയും മൈക്രോസോഫ്റ്റും

10,000 കോടി ഡോളറിന്റെ പദ്ധതിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ഗേറ്റ് ഉള്‍പ്പടെ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ഒരു നിരയാണ് കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്. 2028 ഓടുകൂടി സ്റ്റാര്‍ഗേറ്റ് യാഥാര്‍ത്ഥ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. ഓപ്പണ്‍ AIയുടെ സാങ്കേതികവിദ്യാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സാങ്കേതിക പിന്തുണ മൈക്രോസോഫ്റ്റാണ് നല്‍കുന്നത്.

വോയ്‌സ് എഞ്ചിന്‍ ഫീച്ചറുമായി ഓപ്പണ്‍ AI

ഒരാളുടെ ശബ്ദം പുനര്‍നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യയാണ് ഓപ്പണ്‍ AI അവതരിപ്പിച്ചിരിക്കുന്നത്. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരാളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം നിര്‍മിച്ചെടുക്കാന്‍ വോയ്സ് എഞ്ചിനിലൂടെ സാധിക്കും. വോയിസ് ക്ലിപ്പും ഒരു പാരഗ്രാഫ് കുറിപ്പും അപ്‌ലോഡ് ചെയ്താല്‍ വോയിസ് എഞ്ചിന്‍ അതേ ശബ്ദത്തില്‍ ആ കുറിപ്പ് വായിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.