അന്ന സെബാസ്റ്റ്യന്‍റെ മരണം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ ആർ. ബിന്ദു

പൂനെയിൽ EY കമ്പനിയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്‍റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവനയെ വിമർശിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. അന്നയുടെ മരണത്തിന്റെ ഉത്തരവാദിത്തം അവളിലും കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന നിര്‍മല സീതാരാമന്റെ പ്രസ്താവന കോര്‍പ്പറേറ്റ് അധികാരികളെ പ്രീതിപ്പെടുത്താനാണെന്ന് മന്ത്രി ആർ. ബിന്ദു വിമര്‍ശിച്ചു. കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്നയെന്നും നിർമലയുടെ പരാമര്‍ശത്തെ സ്ത്രീ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും മന്ത്രി ബിന്ദു പറഞ്ഞു.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

2024-25 അസസ്മെന്റ് വര്‍ഷത്തേക്കുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന ജൂലൈ 31 വരെ 7.28 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ 7.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിട്ടേണ്‍ ഫയല്‍ ചെയ്ത നികുതിദായകരില്‍ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചതെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസിന്റെ GST ഒഴിവാക്കണം; നിർമല സീതാരാമന് കത്തയച്ച് നിതിൻ ഗഡ്കരി

ലൈഫ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് ചുമത്തിയ 18% GST ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. LIC നാഗ്പൂർ ഡിവിഷൻ എംപ്ലോയീസ് യൂണിയൻ ഇൻഷുറൻസ് വ്യവസായത്തിൻ്റെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തനിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. ഇൻഷുറൻസ് പ്രീമിയത്തിന്മേൽ ചുമത്തുന്ന നികുതി ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾക്ക് നികുതി ചുമത്തുന്നതിന് തുല്യമാണെന്നും അതിനാൽ ലൈഫ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി ഒഴിവാക്കണമെന്നും ഗഡ്കരി അഭ്യർത്ഥിച്ചു.

ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല: നിര്‍മല സീതാരാമന്‍

2024ലെ കേന്ദ്രബജറ്റ് വിവേചനപരമാണെന്ന പ്രതിപക്ഷസഖ്യത്തിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബോധപൂര്‍വം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ രാജ്യസഭയില്‍ പറഞ്ഞു. എല്ലാ ബജറ്റിലും ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാന്‍ അവസരം ലഭിക്കണമെന്നില്ല. തന്റെ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് ഇവിടെ നില്‍ക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റ്: വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ

ഓരോ വര്‍ഷവും വിദ്യാഭ്യാസ വായ്പയെടുക്കുന്ന ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇ-വൗച്ചര്‍ നല്‍കും. ഇതിലൂടെ മൂന്ന് ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. വിദ്യാഭ്യാസത്തിനും തൊഴില്‍ ശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് 1.48 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.

ആദായ നികുതി ഘടന പരിഷ്‌കരിച്ചു

മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000ത്തില്‍ നിന്ന് 75000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിനും ഏഴ് ലക്ഷത്തിനുമിടയില്‍ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ അഞ്ച് ശതമാനം നികുതി നല്‍കണം. ഏഴ് ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക വരുമാനം നേടുന്നവര്‍ക്ക് 10 ശതമാനവും 10 മുതല്‍ 12 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനവും 12 മുതല്‍ 15 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി അടയ്‌ക്കേണ്ടത്.

കേന്ദ്ര ബജറ്റ്: വില കുറച്ചവ

സ്വര്‍ണത്തിനും വെള്ളിയ്ക്കും കസ്റ്റംസ് തീരുവ ആറ് ശതമാനമാക്കി കുറച്ചതായി ധമന്ത്രി നിര്‍മല സീതാരാമന്‍. ഗ്രാമിന് 420 രൂപ വരെ കുറയാന്‍ സാധ്യതയുണ്ട്. മൂന്ന് കാന്‍സര്‍ മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. എക്‌സറേ ട്യൂബുകള്‍ക്കും തീരുവ കുറച്ചു. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും 15 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 25 ധാതുക്കള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിനുള്ള തീരുവയും കുറച്ചു. ലതറിനും തുണിത്തരങ്ങള്‍ക്കും വില കുറയുമെന്നും ധനമന്ത്രി വ്യക്തമാക്കി.

നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം; നൈപുണ്യ നയം വികസിപ്പിക്കും

രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നൈപുണ്യ നയം വികസിപ്പിക്കുന്നതിനായി അഞ്ചു വര്‍ഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 1000 വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ നവീകരിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് 500 കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ഒരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

PM ആവാസ് യോജന പ്രകാരം 3 കോടി വീടുകള്‍ കൂടി

നഗര ഭവന പദ്ധതിക്കായി അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് 2.2 ലക്ഷം കോടി രൂപ കേന്ദ്രവിഹിതമായി നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു. നഗരമേഖലകളിലെ ദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മധ്യവര്‍ഗകുടുംബങ്ങള്‍ക്കും ഭവനപദ്ധതിക്കായി പത്ത് ലക്ഷം കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കായി ഡോര്‍മറ്ററി പോലെ റെന്റല്‍ ഹൗസിങ് സൗകര്യം ഏര്‍പ്പെടുത്തും.

മുദ്ര ലോണ്‍ ഇരട്ടിയാക്കിയതായി ധനമന്ത്രി

മുദ്ര ലോണ്‍ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ചെറുകിട വ്യവസായ വികസനത്തിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകള്‍ രാജ്യത്തുടനീളം തുറക്കും. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി ക്രെഡിറ്റ് ഗാരന്റി പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.