ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകള്‍ മറികടക്കരുതെന്ന് KSRTC

മിന്നല്‍, സൂപ്പര്‍ ഫാസ്റ്റ് അടക്കമുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകള്‍ ഒരു കാരണവശാലും മറികടക്കരുതെന്നാണ് KSRTC അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് ഹോണ്‍ മുഴക്കിയാല്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകള്‍ വഴികൊടുക്കണമെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതിവേഗം സുരക്ഷിതമായി നിര്‍ദിഷ്ട സ്ഥലങ്ങളില്‍ എത്തുന്നതിനാണ് കൂടുതല്‍ ടിക്കറ്റ് നിരക്ക് നല്‍കി യാത്രക്കാര്‍ ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ട ബസുകളെ തെരഞ്ഞെടുക്കുന്നതെന്ന് ജീവനക്കാര്‍ മറക്കരുതെന്നും അതുകൊണ്ടു റോഡില്‍ അനാവശ്യ മത്സരം വേണ്ടെന്നും ഉത്തരവില്‍ പറയുന്നു.

KSRTC ഡ്രൈവിങ് സ്‌കൂളിലെ ആദ്യ ബാച്ചില്‍ 30 പേര്‍ക്ക് ലൈസന്‍സ്

KSRTC ഡ്രൈവിങ് സ്‌കൂളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ലൈസന്‍സ് കൈമാറി. ആനയറ KSRTC സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ലൈസന്‍സ് വിതരണം. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരില്‍ 30 പേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു.

നിലയ്ക്കൽ – പമ്പ റൂട്ടില്‍ സർവീസ് നടത്താൻ KSRTC ക്ക് മാത്രം അധികാരം; സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം

ശബരിമല തീർത്ഥാടകരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്നും നിലയ്ക്കൽ – പമ്പ റൂട്ട് ദേശസാൽകൃതം ആണെന്നും അവിടെ സർവീസ് നടത്താൻ തങ്ങൾക്ക് മാത്രമാണ് അധികാരമെന്നും അറിയിച്ച് KSRTC സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മണ്ഡല-മകരവിളക്ക് കാലത്ത് നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യ സർവീസ് നടത്താൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷിത്തിന്റെ ലക്ഷ്യം അനാവശ്യ ലാഭമാണെന്നും KSRTC സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ഓണം: KSRTCയില്‍ ശമ്പള വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്ന് KSRTC മാനേജ്‌മെന്റ് അറിയിച്ചു. ഒന്നരവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഗഡുക്കളില്ലാതെ ഒറ്റത്തവണയായി ശമ്പളം നല്‍കുന്നത്. ജീവനക്കാരുടെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപയും KSRTCയുടെ വരുമാനമായ 44.52 കോടി രൂപയും ചേര്‍ത്താണ് ശമ്പളം വിതരണം ചെയ്യുന്നത്.

KSRTC ക്ക് 74.20 കോടി അനുവദിച്ചു

KSRTC ക്ക് സംസ്ഥാന സർക്കാർ 74.20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് പെൻഷൻ വിതരണത്തിനായി എടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് പണം അനുവദിച്ചത്. KSRTC ക്കായി ഈ സാമ്പത്തിക വർഷം 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 864.91 കോടി രൂപ ഇതിനോടകം നൽകി.

റോബിന്‍ ബസ് ഉടമയ്ക്ക് തിരിച്ചടി; സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ഹര്‍ജി തള്ളി

റോബിന്‍ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന KSRTCയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോണ്‍ടാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നും കോടതി പറഞ്ഞു. ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നായിരുന്നു റോബിന്‍ ബസ് ഉടമയുടെ വാദം. പെര്‍മിറ്റ് ലംഘനമാണെന്ന്് സര്‍ക്കാരും മോട്ടര്‍ വാഹന വകുപ്പും ആരോപിക്കുകയും പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോയിരുന്നു. ഇതിനെതിരെയാണ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്.

ഓണം അവധിക്ക് ടൂര്‍ പാക്കേജുമായി KSRTC

ബസ്, ബോട്ട്, കപ്പല്‍ എന്നിവയുള്‍പ്പെടുത്തിയുള്ള ഒട്ടേറെ ടൂര്‍ പാക്കേജുകളാണ് എല്ലാ ഡിപ്പോകളിലും KSRTC ക്രമീകരിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ 250 ട്രിപ്പുകള്‍ നടത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ടൂര്‍ പാക്കേജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ബോട്ടിന്റെ മുകളിലെ ഡെക്കില്‍ നിന്ന് യാത്ര ചെയ്യാവുന്ന പാക്കേജ്, എറണാകുളത്ത് പുതുതായി പുറത്തിറക്കിയ സോളാര്‍-ഇലക്ട്രിക് ബോട്ടായ 'ഇന്ദ്ര'യിലുളള ടൂര്‍ പാക്കേജ് തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്.

KSRTC പെന്‍ഷന്‍; ഓണത്തിന് മുമ്പ് തുക നല്‍കണമെന്ന് ഹൈക്കോടതി

KSRTCയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ഈ മാസത്തെ പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. KSRTC പെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. ഹൈക്കോടതി നിര്‍ദേശം പാലിക്കുമെന്നും ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും KSRTC കോടതിയില്‍ അറിയിച്ചു. അതേസമയം KSRTCയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

കോഴിക്കോട് KSRTCയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് KSRTC ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിയ KSRTC ഡ്രൈവറെ ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസും വടകരയില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ 30ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

KSRTCയില്‍ പെന്‍ഷന്‍ വൈകരുത്; സര്‍ക്കാരിനോട് ഹൈക്കോടതി

KSRTCയില്‍ പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്ന് ഹൈക്കോടതി. ഓണമാണ് വരുന്നതെന്നും സെപ്റ്റംബറിലെ പെന്‍ഷന്‍ നല്‍കാന്‍ വൈകരുതെന്നും കൃത്യമായി കൊടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജൂലൈ മാസത്തെ പെന്‍ഷന്‍ കൊടുത്തുവെന്നും ആഗസ്റ്റിലെ പെന്‍ഷന്‍ ഒരാഴ്ചക്കുള്ളില്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 20ന് റിട്ട. KSRTC ജീവനക്കാരനായ കാട്ടാക്കട സ്വദേശി എം സുരേഷ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പെന്‍ഷന്‍ കിട്ടാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.