കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ ചുമതലയേൽക്കും

ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വൈകാതെ തന്നെ നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. ബോംബെ ഹൈക്കോടതിയിലെ തന്നെ ജഡ്ജിയായ ജസ്റ്റിസ് കെ.ആര്‍. ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. കേരള, മദ്രാസ് ഹൈക്കോടതികള്‍ക്ക് പുറമെ ആറ് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.

ഭക്ഷ്യസുരക്ഷ; ദേശീയ തലത്തില്‍ കേരളം ഒന്നാമത്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിലാണ് സംസ്ഥാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 40ഓളം മേഖലകളിലെ പ്രവര്‍ത്തന മികവാണ് സൂചികയില്‍ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

സംസ്ഥാനത്ത് IAS തലപ്പത്ത് മാറ്റം

സംസ്ഥാനത്ത് IAS തലപ്പത്ത് വൻ അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നൽകി. വാട്ടർ അതോറിറ്റി MD യായി ജീവൻ ബാബുവിനെയും, ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറായി വിനയ് ഗോയലിനെയും, വ്യവസായ വകുപ്പ് ഡയറക്ടറായി കെ. ഗോപാലകൃഷ്ണനെയും നിയമിച്ചു. ഡി. സജിത്ത് ബാബു സഹകരണ വകുപ്പ് രജിസ്ട്രാറാകും. ഡോക്ടർ വീണ എൻ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നൽകി. PRD ഡയറക്ടറായി ടി.വി. സുഭാഷ് ചുമതലയേൽക്കും.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

പവന് ഇന്ന് 160 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,280 രൂപയാണ് വിപണി വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6660 രൂപയായി. രണ്ട് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയിലെത്തിയിരുന്ന സ്വര്‍ണവിലയില്‍ ഇടിവുണ്ടായത് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ്. 4500 രൂപയോളം കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയും ചെയ്തു.

സംസ്ഥാനത്ത് വൈറല്‍ ന്യുമോണിയ പടരുന്നു

സംസ്ഥാനത്ത് ഇന്‍ഫ്‌ളുവന്‍സ എ വിഭാഗത്തില്‍പ്പെട്ട വൈറല്‍ ന്യുമോണിയ പടരുന്നതായാണ് റിപ്പോര്‍ട്ട്. പനിയും അനുബന്ധ പ്രശ്‌നങ്ങളുമായെത്തുന്ന പ്രായമായവര്‍, മറ്റു അസുഖങ്ങളുള്ളവര്‍, ശ്വാസംമുട്ടലുമായെത്തുന്നവര്‍ എന്നിവരില്‍ നടത്തുന്ന പരിശോധനാഫലം 90 ശതമാനവും പോസിറ്റീവാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. H1 N1, H3 N2 എന്നിവയാണ് പടരുന്നത്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 17 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആഗസ്റ്റ് 16 വരെ ഇടമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മനുഷ്യ-വന്യജീവി സംഘര്‍ഷം: പദ്ധതികള്‍ തയ്യാറാക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം

കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ വനം വകുപ്പുകള്‍ സംയുക്തമായി മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ ദേദഗതിയും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും. പ്രശ്നക്കാരായ ആനകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക അന്തര്‍ സംസ്ഥാന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനും അതീവ പ്രശ്നക്കാരായ ആനകളെ പിടികൂടാന്‍ ഒരു സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍ തയ്യാറാക്കാനും തീരുമാനമായി. മനുഷ്യ-ആന സംഘര്‍ഷ പരിപാലനം സംബന്ധിച്ച് ബെംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മന്ത്രിതല യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ കുറഞ്ഞ് 51,120 രൂപയായി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 6,390 രൂപയും ആയി. തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിലാണ് ഇന്ന് ഇടിവ് സംഭവിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് സ്വര്‍ണവില ഇടിവ് നേരിട്ട് തുടങ്ങിയത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു.

കേരളത്തില്‍ AIMS സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

AIMS കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതില്‍ ഒരു സംസ്ഥാനമാണെന്നും ജെ. പി. നദ്ദ രാജ്യസഭയില്‍ അറിയിച്ചു. കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാല്‍ AIMS അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം എന്താണെന്നുള്ള ജോണ്‍ ബ്രിട്ടാസ് MPയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എയിംസ് വിഷയത്തില്‍ ഇന്ന് കേരളത്തില്‍ നിന്നുള്ള ലോക്‌സഭ, രാജ്യസഭ MPമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 51,760 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6470 രൂപയാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ മാസം റെക്കോര്‍ഡ് വില രേഖപ്പെടുത്തിയിരുന്ന സ്വര്‍ണം ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ താഴുകയായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വില ഉയരുകയായിരുന്നു.