ജമ്മുകശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കായി 239 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് മേധാവിയുമായ ഒമര്‍ അബ്ദുള്ളയും ഇന്ന് ജനവിധി തേടുന്നുണ്ട്. ഗന്ദര്‍ബാല്‍, ബുദ്ഗാം സീറ്റുകളിലാണ് അദ്ദേഹം മത്സരിക്കുന്നത്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

നിയന്ത്രണരേഖയിലെ വെടിവെയ്പ്പ്; വെടിയുണ്ടകള്‍ കൊണ്ട് മറുപടി നല്‍കുമെന്ന് അമിത് ഷാ

ജമ്മുകശ്മീരില്‍ അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പിന്റെ നാളുകള്‍ അവസാനിച്ചു. പാകിസ്ഥാന്‍ ഇപ്പോള്‍ പ്രധാനമന്ത്രി മോദിയെ ഭയപ്പെടുന്നു. ജമ്മുകശ്മീരില്‍ അധികാരത്തിലുള്ള ആളുകള്‍ വരെ പാകിസ്ഥാനെ ഭയപ്പെട്ടിരുന്ന സമയങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ പൂര്‍ണമായും മാറിയിരിക്കുന്നു. ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിവെയ്പ്പുണ്ടായാല്‍ വാക്കുകള്‍ കൊണ്ടല്ല വെടിയുണ്ടകള്‍ കൊണ്ട് തന്നെ അതിന് മറുപടി നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൂഞ്ച് ജില്ലയിലെ മെന്ധര്‍ മേഖലയില്‍ നടന്ന BJP പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പോളിംഗ് അവസാനിച്ചു

ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്. 5 മണി വരെ 58.19 % പോളിംഗ് രേഖപ്പെടുത്തി. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീര്‍ മേഖലയിലെ 16 മണ്ഡലങ്ങളുമുള്‍പ്പെടെ 24 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. ആദ്യഘട്ടത്തില്‍ 219 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടി. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്നതിനാല്‍ ഏറെ ആകാംഷയോടെയാണ് രാജ്യം ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയതെങ്കിലും മേഖലയില്‍ എവിടെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു

ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 24 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മു മേഖലയിലെ എട്ട് മണ്ഡലങ്ങളും, കശ്മീര്‍ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ഇന്ന് ോളിംഗ് ബൂത്തിലെത്തുക. 219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനെ തുടര്‍ന്ന് ജമ്മു മേഖലയിലും കശ്മീര്‍ മേഖലയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഇന്നവസാനിക്കും

ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാൾ. പരസ്യ പ്രചരണം ഇന്നവസാനിക്കും. ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളാണ് വിധിയെഴുതുക. ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശം. മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള മെഗാറാലികളാണ് കലാശക്കോട്ടിൽ പാർട്ടികൾ നടത്തുക. ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ശ്രീനഗറിൽ നടക്കുന്ന BJP റാലിയിൽ പങ്കെടുക്കും. ഈ മാസം 25, അടുത്ത മാസം ഒന്ന് തീയതികളിലാണ് രണ്ടും മൂന്നും ഘട്ട തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പ് പ്രചാരണം; ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍

ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെയാണ് ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. പൂഞ്ചില്‍ ഭീകരരും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. മൂന്നു ലഷ്‌കറെ ത്വയിബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; 5 തീവ്രവാദികളെ വധിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ പരമ്പര. ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. പ്രത്യേക രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യവും ജമ്മുകശ്മീര്‍ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ കരസേനയുടെ റൈസിങ് സ്റ്റാര്‍ കോര്‍പ്‌സ് യൂണിറ്റിലെ സൈനികര്‍ രണ്ട് ഭീകരരെ വെടിവെച്ചു കൊന്നു.

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; 2 സൈനികര്‍ക്ക് വീരമൃത്യു

കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്ത സൈന്യവും പോലീസും ചേര്‍ന്ന് കിഷ്ത്വറില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രദേശത്ത് വെടിവെയ്പ്പുണ്ടായത്. ബാരാമുള്ളയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ചാക് താപ്പര്‍ മേഖലയിലെ ഒരു കെട്ടിടത്തില്‍ ഒളിച്ചിരുന്ന മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലുകളുണ്ടായിരിക്കുന്നത്.

ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

ജമ്മുകശ്മീരിലെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ കവറേജ് നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കശ്മീരി പണ്ഡിറ്റ് കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റും. ഗൃഹനാഥകള്‍ക്ക് പ്രതിമാസം 3,000 രൂപ ആനുകൂല്യവും സ്ത്രീകള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പയും നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാഗ്ദാനം ചെയ്തു. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക.

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ജമ്മുവില്‍ BSF ജവാന് പരിക്ക്

ജമ്മുവിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് BSF ജവാന് പരിക്കേറ്റു. പുലര്‍ച്ചെ 2.35 ന് അതിര്‍ത്തിക്കപ്പുറത്ത് അഖ്നൂര്‍ പ്രദേശത്ത് പ്രകോപനമില്ലാതെ വെടിവയ്പ്പ് ഉണ്ടായെന്നും BSF അതിന് തക്കതായ മറുപടി നല്‍കിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്‍ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യന്‍ സൈനികര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.