കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിന്‍ മധുകര്‍ ജാംദര്‍ ചുമതലയേറ്റു

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജസ്റ്റിസിന് സത്യവാചകം ചൊല്ലി കൊടുത്തു. പ്രതിപക്ഷ നേതാവും സ്പീക്കറും ചടങ്ങില്‍ പങ്കെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം 2023 മെയ് മുതല്‍ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി സേവനം അനുഷ്ടിക്കുകയായിരുന്നു. കേരള, മദ്രാസ് ഹൈക്കോടതികള്‍ക്ക് പുറമെ ആറ് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്.

എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്നതില്‍ നടപടി തുടങ്ങി കളമശ്ശേരി മെഡിക്കല്‍ കോളേജ്.

മുതിര്‍ന്ന CPM നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ മൂന്ന് മക്കളും ഇന്ന് ഉപദേശക സമിതിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് അച്ഛന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതായാണ് മകന്‍ എം.എല്‍. സജീവനും മകള്‍ സുജാതയും പറയുന്നത്. അതേസമയം അങ്ങനെയൊരു കാര്യം അച്ഛന്‍ പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്‌കരിക്കണമെന്നുമാണ് ഇളയമകള്‍ ആശയുടെ വാദം. മൂവരുടെയും അഭിപ്രായങ്ങള്‍ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കോടതി കളമശ്ശേരി മെഡിക്കല്‍ കോളേജിനോട് നിര്‍ദേശിച്ചിട്ടുള്ളത്.

സിദ്ദിഖിനെതിരെയുള്ള പരാതി അങ്ങേയറ്റം ഗുരുതരമാണെന്ന് ഹൈക്കോടതി

യുവ നടിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങള്‍. കോടതിക്കു മുമ്പാകെയുള്ള തെളിവുകള്‍ പരിശോധിച്ചതില്‍ സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ് സി. എസ്. ഡയസ് വ്യക്തമാക്കി. പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകന്‍ വാദിച്ചതെന്ന് കോടതി പറഞ്ഞു. 14 പേര്‍ക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നതിനാല്‍ പരാതിക്ക് വിശ്വാസ്യതയില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയെന്ന് നിരീക്ഷിച്ച കോടതി സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ജയസൂര്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

ലൈംഗികാതിക്രമക്കേസിൽ നടൻ ജയസൂര്യ നൽകിയ രണ്ട് മുൻ‌കൂർ ജാമ്യ ഹർജികളും ഹൈക്കോടതി തീർപ്പാക്കി. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു എന്നിവയാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. സംഭവം നടന്നു എന്ന് പറയുന്ന കാലയളവിൽ ഇത് ജാമ്യം കിട്ടാവുന്ന കുറ്റകൃത്യമായിരുന്നതിനാൽ മുൻകൂർ ജാമ്യം ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. 2012-13 കാലയളവിൽ 'പിഗ്മാൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് കയറിപ്പിടിച്ചു എന്നാണ് നടി ജയസൂര്യക്കെതിരെ നൽകിയ പരാതി. 2008 ൽ ‘ദേ ഇങ്ങോട്ട്‌ നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്നു പിടിച്ചു എന്നാണ് ആലുവ സ്വദേശിനിയെ നടി നൽകിയ പരാതി.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ ചുമതലയേൽക്കും

ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വൈകാതെ തന്നെ നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. ബോംബെ ഹൈക്കോടതിയിലെ തന്നെ ജഡ്ജിയായ ജസ്റ്റിസ് കെ.ആര്‍. ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. കേരള, മദ്രാസ് ഹൈക്കോടതികള്‍ക്ക് പുറമെ ആറ് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.

ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ ഹര്‍ജി നല്‍കിയിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ദേവസ്വം കമ്മീഷണറെ നിയമിക്കുന്നതിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്നലെ ഹര്‍ജി നല്‍കിയതിന് പിന്നാലെ തെറ്റായ ചില പ്രചരണങ്ങള്‍ നടക്കുന്നതായും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. നിയമപ്രകാരം ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള പൂര്‍ണ അധികാരം ബോര്‍ഡിനാണെമ്മും മറ്റൊരു ദേവസ്വം ബോര്‍ഡുകള്‍ക്കും ഹൈക്കോടതി ഈ നിബന്ധന വച്ചിട്ടുമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ദേവസ്വം ബോർഡിൻ്റെ പുതിയ കമ്മിഷണറായി ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി സി.വി. പ്രകാശിനെ നിയമിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോർഡിൻ്റെ അധികാരങ്ങൾ കവർന്നെടുക്കുന്നുവെന്നും ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുന്നുവെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ദേവസ്വം ബോർഡ് ആരോപിച്ചു.

വയനാട് ദുരന്തത്തിൽ ചെലവിട്ട കണക്ക് പുറത്ത്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവഴിച്ചത്. ഇത്തരത്തിൽ 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി രൂപയാണ് ചെലവാക്കിയത്. വൊളണ്ടിയര്‍മാരുടെ ഭക്ഷണത്തിനും വണ്ടി ചെലവിനുമായി 14 കോടി ചെലവാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കണക്കുകള്‍ അറിയിച്ചത്.

കെ ഫോണില്‍ CBI അന്വേഷണം ഇല്ല; ഹര്‍ജി തള്ളി ഹൈക്കോടതി

കെ ഫോണില്‍ CBI അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ ഫോണില്‍ വന്‍ അഴിമതി നടന്നുവെന്നും, അതിനാല്‍ CBI അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. എന്നാല്‍ കെ ഫോണില്‍ ക്രമക്കേടോ, നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

റോബിന്‍ ബസ് ഉടമയ്ക്ക് തിരിച്ചടി; സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ഹര്‍ജി തള്ളി

റോബിന്‍ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന KSRTCയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോണ്‍ടാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നും കോടതി പറഞ്ഞു. ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നായിരുന്നു റോബിന്‍ ബസ് ഉടമയുടെ വാദം. പെര്‍മിറ്റ് ലംഘനമാണെന്ന്് സര്‍ക്കാരും മോട്ടര്‍ വാഹന വകുപ്പും ആരോപിക്കുകയും പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോയിരുന്നു. ഇതിനെതിരെയാണ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്.