നടന്‍ സിദ്ദീഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്

യുവ നടിയെ പീഡിപ്പിച്ച കേസില്‍ കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദീഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. സിദ്ദീഖിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ (9497996991), റേഞ്ച് DIG (9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ (9497990002), മ്യൂസിയം പോലീസ് സ്റ്റേഷന്‍ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്.

സിദ്ദിഖിനെതിരെയുള്ള പരാതി അങ്ങേയറ്റം ഗുരുതരമാണെന്ന് ഹൈക്കോടതി

യുവ നടിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങള്‍. കോടതിക്കു മുമ്പാകെയുള്ള തെളിവുകള്‍ പരിശോധിച്ചതില്‍ സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ് സി. എസ്. ഡയസ് വ്യക്തമാക്കി. പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകന്‍ വാദിച്ചതെന്ന് കോടതി പറഞ്ഞു. 14 പേര്‍ക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നതിനാല്‍ പരാതിക്ക് വിശ്വാസ്യതയില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയെന്ന് നിരീക്ഷിച്ച കോടതി സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ബലാത്സംഗക്കേസ്: മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

ബലാത്സംഗക്കേസില്‍ നടനും MLAയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേസില്‍ മുകേഷിന് നേരത്തേ എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. ഇന്ന് രാവിലെ തീരദേശ പോലീസിന്റെ ആസ്ഥാന ഓഫിസില്‍ AIG ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കുരുക്ക് മുറുകുന്നു; നടന്‍ സിദ്ദിഖിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാനാണ് നീക്കം. അതേസമയം സിദ്ദിഖിന്റെ എല്ലാ മൊബൈല്‍ ഫോണ്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമൊന്നുമില്ലെന്നും പോലീസ് അറിയിച്ചു. കേസില്‍ നടനെ അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

തീരദേശ പോലീസിന്റെ ആസ്ഥാന ഓഫിസില്‍ AIG ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടനും MLAയുമായ മുകേഷിനെ ചോദ്യം ചെയ്യുന്നത്. സിനിമയില്‍ അവസരവും സിനിമാ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് മുകേഷിനെതിരെയുള്ള ആരോപണങ്ങള്‍. കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

സിദ്ദിഖിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഹര്‍ജി തള്ളിയതോടെ കേസില്‍ അറസ്റ്റ് നടപടി ഉള്‍പ്പടെ നേരിടേണ്ടി വന്നേക്കാം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ ദേശീയ വനിതാ കമ്മീഷനെത്തും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനായി ഒക്ടോബര്‍ ആദ്യ വാരം കേരളത്തിലെത്താനാണ് ദേശീയ വനിതാ കമ്മീഷന്റെ നിലവിലെ തീരുമാനം. കേരളത്തിലെത്തി അതിജീവിതകളുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. വിഷയം പഠിക്കാന്‍ വനിതാ കമ്മീഷന്‍ പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലേക്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം കേരള സർക്കാർ കൈമാറാത്തതിനെ തുടർന്ന് കമ്മീഷന്‍ അംഗങ്ങള്‍ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഡെലീന കോങ്ഡപ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഒരാഴ്ചയ്ക്കകം ലഭ്യമാക്കണമെന്നാണ് കേരള സർക്കാരിന് വനിതാ കമ്മീഷൻ നിർദേശം നൽകിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഇതുവരെ മറുപടി നൽകിയില്ലെന്ന് വനിതാ കമ്മീഷൻ പറഞ്ഞു.

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബംഗാളി നടിയുടെ മൊഴി രേഖപ്പെടുത്തി

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി കൊൽക്കത്ത സെഷൻസ് കോടതിയില്‍ രഹസ്യ മൊഴി നല്‍കി. 2009 ൽ 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നുമാണ് നടിയുടെ പരാതി.

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ. പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

യുവ തിരക്കഥാകൃത്തിന്റെ പീഡന പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. കൊല്ലം പള്ളിത്തോട്ടം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഹൈക്കോടതി വി.കെ. പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 2022ൽ കൊല്ലത്തെ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ വി.കെ. പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.