ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; പ്രകടന പത്രിക പുറത്തിറക്കി BJP

അഗ്‌നീവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്നും 24നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്നും BJPയുടെ പ്രകടന പത്രികയില്‍ പറയുന്നു. BJP അധ്യക്ഷന്‍ ജെ. പി. നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, എഞ്ചിനീയിറിങ് കോളജുകളില്‍ പഠിക്കുന്ന SC, OBC വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പും ഗ്രാമപ്രദേശങ്ങളില്‍ നിന്ന് കോളേജുകളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ദരിദ്ര ജനവിഭാഗത്തിനും മുന്‍ഗണന നല്‍കുന്നതാണ് പ്രകടനപത്രികയെന്ന് മുഖ്യമന്ത്രി നായബ് സിങ് സൈനി പറഞ്ഞു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് BJP

21 സ്ഥാനാർത്ഥികൾ അടങ്ങുന്ന രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയാണ് BJP പുറത്തിറക്കിയത്. ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ BJP യുവനേതാവ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് മത്സരിക്കുക. ഭാരതീയ ജനത യുവമോർച്ചയുടെ ഉപാധ്യക്ഷനും BJP ഹരിയാന കായിക വകുപ്പിന്റെ കൺവീനറുമാണ് യോഗേഷ് ബൈരാഗി. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ സിറ്റിംഗ് MLA മാരിൽ പലരെയും ഒഴിവാക്കിയിട്ടുണ്ട്.

ഹരിയാന തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി AAP

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുളള 20 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി AAP. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് AAP ആദ്യ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. AAP ആവശ്യപ്പെട്ടത്ര സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 12 ആണ്. ഒക്ടോബര്‍ 5നാണ് ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

ബ്രിജ് ഭൂഷണിന് BJP യുടെ താക്കീത്

മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് താക്കീതുമായി BJP. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഗുസ്തിതാരം വിനേഷ് ഫോഗാട്ടിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനേം ബജ്‌റംഗ് പുനിയേയും വിമർശിച്ച് ബ്രിജ് ഭൂഷൺ രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങൾക്കെത്തിയ ഒന്നും സംസാരിക്കരുതെന്നാണ് BJP നേതൃത്വം ബ്രിജ് ഭൂഷണിന് നൽകിയിരിക്കുന്ന നിർദേശം. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് BJP യുടെ നടപടി.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: വിനേഷ് ഫോഗട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി. ജുലാന മണ്ഡലത്തില്‍ നിന്നാകും വിനേഷ് ജനവിധി തേടുക. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ ഉള്‍പ്പെടെ 31 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.

വിനേഷ് ഫോഗട്ട് കോൺഗ്രസിനായി ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും

കോൺഗ്രസിൽ അംഗത്വം സ്വീകരിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബാബരിയ ആണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. വിനേഷ് ഫോഗട്ടിനൊപ്പം ഇന്ന് AICC ആസ്ഥാനത്തെത്തി കോൺഗ്രസിൽ അംഗത്വം സ്വീകരിച്ച മറ്റൊരു ഗുസ്തി താരമായ ബജ്‌രംഗ് പുനിയ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് BJP

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് BJP പുറത്തിറക്കിയത്. ഒമ്പത് സിറ്റിങ് MLAമാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ കര്‍ണാല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള MLAയായ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ലഡ്വ സീറ്റില്‍ നിന്നാകും ഇത്തവണ മത്സരിക്കുക. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും.

പശുക്കടത്തെന്ന് സംശയം; പ്ലസ് ടു വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്നു

പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആര്യന്‍ മിശ്രയെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. കൊലപാതകത്തില്‍ ഗോസംരക്ഷണ സംഘത്തില്‍പ്പെട്ട അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 30 കിലോമീറ്റര്‍ കാറില്‍ പിന്തുടര്‍ന്നെത്തിയാണ് അക്രമി സംഘം വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്. കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്നതതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അക്രമി സംഘം വാഹനങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു. അതുവഴി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ആര്യന്‍ മിശ്രയുടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നിര്‍ത്താതെ പോവുകായിരുന്നു. ഇവരെ പിന്തുടര്‍ന്ന അക്രമി സംഘം ആര്യന്റെ കാറിന് നേര്‍ക്ക് വെടിവെയ്പ്പ് നടത്തുകയായിരുന്നു.

ഹരിയാനയിലെ വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി

ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്. ജമ്മുകശ്മീരിലെയും ഹരിനായയിലെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലില്‍ നിന്ന് ഒക്ടോബര്‍ എട്ടിലേക്കും മാറ്റിയിട്ടുണ്ട്. ഗുരു ജംഭേശ്വരന്റെ സ്മരണാര്‍ഥം നടത്തുന്ന അസോജ് അമാവാസി ആഘോഷത്തില്‍ പങ്കെടുക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം പിന്തുടരുന്ന ബിഷ്ണോയി സമുദായത്തിന്റെ വോട്ടവകാശത്തെയും പാരമ്പര്യത്തെയും മാനിക്കാനാണ് തീരുമാനമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ജമ്മുകശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. ജമ്മുകശ്മീരിൽ മൂന്ന് ഘട്ടങ്ങളായാകും തിരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനുമാണ് നടക്കുക. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ ഒന്നിനാണ് തിരഞ്ഞെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ നടക്കുക. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.