ബെംഗളൂരുവില്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; ICUവില്‍ ചികിത്സയിലിരുന്ന മലയാളിക്ക് ദാരുണാന്ത്യം

ബെംഗളൂരുവിലെ മത്തിക്കരെയിലെ MS രാമയ്യ മെഡിക്കല്‍ കോളജില്‍ ഉച്ചയോടെയുണ്ടായ തീപിടിത്തത്തിലാണ് ന്യുമോണിയ ബാധിച്ച് ICUവില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചത്. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്. സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ രണ്ടാഴ്ചയായി സുജയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മധുരയില്‍ വനിതാ ഹോസ്റ്റലില്‍ തീപിടിത്തം; രണ്ട് മരണം

മുധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ അധ്യാപിക ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. ശരണ്യ, പരിമള എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിനുള്ള കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് നിരവധി പെണ്‍കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടായതായാണ് റിപ്പോര്‍ട്ട്

മലപ്പുറത്ത് വീടിന് തീപിടിച്ചു; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു

മലപ്പുറം പെരുമ്പടപ്പില്‍ പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്തെ ഏറാട്ട് വീട്ടിലാണ് തീപിടിത്തമുണ്ടായത്. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന, മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

പാപ്പനംകോട് ഇന്‍ഷുറന്‍സ് ഓഫിസില്‍ തീപിടിത്തം; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

പാപ്പനംകോട് ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് ഓഫീസിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ ഓഫീസിലെ ജീവനക്കാരി വൈഷ്ണവ(35), തിരിച്ചറിയാത്ത മറ്റൊരു സ്ത്രീ എന്നിവര്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓഫീസ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. തീപിടിത്തത്തിനു കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ തീപിടിത്തം; ഏഴ് പേര്‍ വെന്തുമരിച്ചു

ആന്ധ്രാപ്രദേശിലെ അനകപ്പല്ലേയിലെ എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഏഴുപേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചഭക്ഷണ സമയത്താണ് അപകടം ഉണ്ടായത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വിശാഖപട്ടണത്ത് ട്രെയിനില്‍ തീപിടിത്തം; മൂന്ന് എസി കോച്ചുകള്‍ കത്തിനശിച്ചു

വിശാഖപട്ടണം റെയില്‍വേ സ്റ്റേഷന്റെ നാലാം പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന കോര്‍ബ-വിശാഖപട്ടണം എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ എക്‌സ്പ്രസിന്റെ മൂന്ന് എസി കോച്ചുകള്‍ കത്തിനശിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബി 7 ബോഗിയുടെ ടോയ്ലറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മറ്റ് ബോഗികകളിലേക്കും തീ പടര്‍ന്നെങ്കിലും ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരെത്തി തീ നിയന്ത്രണവിധേയമാക്കി.

തിരുവനന്തപുരത്ത് പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

നന്ദിയോട് ശ്രീമുരുക പടക്ക നിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. പടക്കശാലയുടെ ഉടമ ഷിബുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ പത്തരയോടെ ഉഗ്രസ്ഫോടന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. സംഭവ സമയത്ത് ഉടമ മാത്രമെ കടയില്‍ ഉണ്ടായിരുന്നുള്ളു. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് തീയണച്ചത്.

കൊച്ചിയില്‍ സ്‌കൂള്‍ ബസിനു തീപിടിച്ചു

തേവര എസ്എച്ച് സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂര്‍ പാലത്തിന് താഴെ എത്തിയപ്പോഴായിരുന്നു അപകടം. ബസില്‍ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. അഗ്‌നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബസ് മുഴുവനായും കത്തിനശിച്ചു.

തൃശൂരില്‍ ഗോഡൗണില്‍ തീപിടിത്തം; ഒരു മരണം

മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്പെയര്‍പാര്‍ട്സ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. ഓട്ടോനിറ്റി എന്ന സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചു. രാത്രി എട്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ച് യൂണിറ്റിലധികം ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കൊച്ചുവേളിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

തിരുവനന്തപുരം കൊച്ചുവേളിയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. 12 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സൂര്യ പാക്ക്‌സ് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.