സമരം ചെയ്യുന്ന കർഷകരുടെ പരാതികൾ തീർപ്പാക്കാൻ സുപ്രീംകോടതി കമ്മിറ്റി രൂപീകരിച്ചു

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിൽ സമരം ചെയ്യുന്ന കർഷകരുടെ പരാതികൾ പരിഹരിക്കാൻ സുപ്രീംകോടതി വിദഗ്ധ സമിതി രൂപീകരിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് നവാബ് സിങ് ആണ് സമിതിയുടെ അധ്യക്ഷന്‍. ഒരാഴ്ചയ്ക്കകം കമ്മിറ്റിയുടെ ആദ്യ യോഗം ചേരാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. കർഷകരുടെ പ്രശ്‌നങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും സമിതി ഘട്ടംഘട്ടമായി പരിഗണിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കർഷകർക്ക് തങ്ങളുടെ സമാധാനപരമായ പ്രക്ഷോഭങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

കര്‍ഷകര്‍കരുടെ പ്രശ്‌ന പരിഹാരത്തിന് മുന്‍ഗണന നല്‍കൂ; കേന്ദ്രത്തോട് ഫിനേഷ് ഫോഗട്ട്

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍കരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും പ്രശ്നപരിഹാരത്തിന് മുന്‍ഗണന നല്‍കുകയുെ വേണമെന്നാണ് ഒളിംപിക്‌സ് താരം വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സമരം തുടരുന്ന കര്‍ഷകര്‍ ഈ രാജ്യത്തെ പൗരന്മാരാണെന്നും അവരാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും വിനേഷ് പറഞ്ഞു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ 200ാം ദിനത്തില്‍ പങ്കാളിയായി സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

വിവാദ പരാമർശം: കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് കർഷക സംഘടനകൾ

കർഷക സമരത്തെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ BJP എംപിയായ കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു. കങ്കണയുടെ പരാമർശം വസ്തുതാ വിരുദ്ധവും അധിക്ഷേപകരവുമാണെന്ന് കർഷകർ കുറ്റപ്പെടുത്തി. സർക്കാർ ശക്തമായ നടപടി സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ കർഷകരുടെ പ്രതിഷേധം ഇന്ത്യയെ ബംഗ്ലാദേശിലെ പോലെ പ്രതിസന്ധിയിലേക്ക് നയിക്കും എന്നായിരുന്നു കങ്കണ പറഞ്ഞത്. കങ്കണയ്ക്കെതിരെ ഈ മാസം 31ന് രാജ്യവ്യാപക പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

വീണ്ടും ഡല്‍ഹി മാര്‍ച്ചിനൊരുങ്ങി കര്‍ഷകര്‍

ഡല്‍ഹിയിലെ ജന്തര്‍ മന്തറിലോ രാംലീല മൈതാനത്തിലോ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ഏക്താ സിദ്ധുപൂര്‍ പ്രസിഡന്റ് ജഗ്ജീത് സിംഗ് ദല്ലേവാള്‍ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് തടയാന്‍ ശംഭു അതിര്‍ത്തിയില്‍ ഹരിയാന സര്‍ക്കാര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ വീണ്ടും മാര്‍ച്ചിന് തയ്യാറെടുക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നത്.

ഹരിയാനയിലെ ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ ഒരാഴ്ചയ്ക്കകം നീക്കണം: ഹൈക്കോടതി

അംബാലയ്ക്ക് സമീപം ശംഭു അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ ഒരാഴ്ചയ്ക്കകം നീക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ഷക സംഘടനകളുടെ 'ദില്ലി ചലോ' മാര്‍ച്ച് തടയാനായാണ് ഹരിയാന സര്‍ക്കാര്‍ അംബാല-ന്യൂഡല്‍ഹി ദേശീയ പാതയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. അതേസമയം ക്രമസമാധാന പ്രശ്നമുണ്ടായാല്‍ നിയമപ്രകാരം പ്രതിരോധ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.

കര്‍ഷകസമരം; വനിതാ കര്‍ഷക കുഴഞ്ഞുവീണ് മരിച്ചു

പഞ്ചാബ് അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷകസമരത്തില്‍ പങ്കെടുക്കവെയാണ് മരണം. ഖനൌരിയില്‍ 22 ദിവസമായി ട്രെയിന്‍ തടയല്‍ സമരം തുടരുകയാണ്. ഇതിനിടയിലാണ് സുഖ്മിന്ദര്‍ കൗര്‍ എന്ന കര്‍ഷക കുഴഞ്ഞുവീണ് മരിച്ചത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കവെ ജീവന്‍ നഷ്ടപ്പെടുന്ന 21ാമത്തെ വ്യക്തിയാണിതെന്ന് കര്‍ഷക സംഘടന നേതാക്കള്‍ വ്യക്തമാക്കി. കര്‍ഷക സമരം ഇന്ന് 85 ദിവസം പിന്നിട്ടിരിക്കുകയാണ്.

കര്‍ഷകര്‍ സമരരീതി മാറ്റുന്നു; BJP സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അവരുടെ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ മരിച്ച കര്‍ഷകരുടെ ഫോട്ടോയുമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ BJP സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അവരുടെ മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനാണ് കര്‍ഷകരുടെ തീരുമാനം. BJP സ്ഥാനാര്‍ത്ഥികളെ കര്‍ഷകര്‍ കരിങ്കൊടി കാണിക്കുമെന്നും കര്‍ഷകര്‍ക്ക് എതിരായ പൊലീസ് നടപടിയില്‍ മറുപടി തേടുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. കൂടാതെ സമരത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട കര്‍ഷകന്റെ ചിതാഭസ്മവുമായി സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം പ്രതിഷേധം നടത്തും.

കര്‍ഷക സമരം: ഡല്‍ഹിയില്‍ ഇന്ന് മഹാപഞ്ചായത്ത്

ഡല്‍ഹിയിലെ രാംലീല മൈതാനത്താണ് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ഇതിന് മുമ്പായി ഉച്ചനയില്‍ നിന്ന് ജിന്ദിലേക്ക് കാല്‍നട മാര്‍ച്ച് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. വിളകള്‍ക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരിക ഉള്‍പ്പെടെയുളള ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്.

കര്‍ഷക സമരത്തിനിടെ ശ്വാസ തടസം; ഒരു കര്‍ഷകന്‍ കൂടി മരിച്ചു

പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ഖനൗരിയിലെ സമരത്തിനിടെയാണ് കര്‍ഷകനായ ബല്‍ദേവ് സിംഗിന് ശ്വാസ തടസം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് പട്യാലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബല്‍ദേവ് മരിച്ചു. രണ്ടാം കര്‍ഷക സമരം ആരംഭിച്ച് 26 ദിവസം കഴിയുമ്പോള്‍ മരിച്ചത് ഏഴു കര്‍ഷകരാണ്. ഖനൗരി, ശംഭു അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരത്തിലാണ്.

കര്‍ഷക സമരം: ഇന്ന് രാജ്യവ്യാപക ട്രെയിന്‍ തടയല്‍

കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി 'റെയില്‍ രോക്കോ' പ്രതിഷേധം നടത്തും. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ നാലു മണിക്കൂറാകും പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയുക. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഇതിലൂടെ പ്രതിഷേധക്കാര്‍ ലക്ഷ്യമിടുന്നത്.