ഇലക്ട്രിക് മോഡലുകളുടെ വില കുറച്ച് ടാറ്റാ മോട്ടോഴ്‌സ്

ഉത്സവ സീസണോട് അനുബന്ധിച്ച് വന്‍ വിലക്കുറവാണ് EV മോഡലുകള്‍ക്ക് ടാറ്റാ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. നെക്സോണ്‍ EVയുടെ വില മൂന്ന് ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. 12.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ നിലവിലെ വില. പഞ്ച് EVയുടെ വിലയും കുറച്ചിട്ടുണ്ട്. 1.20 ലക്ഷം രൂപ വരെയാണ് കുറച്ചത്. 9.99 ലക്ഷം രൂപ മുതലാണ് പുതുക്കിയ വില ആരംഭിക്കുന്നത്.

പുതിയ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് മാരുതി സുസുക്കി

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. 60 കിലോവാട്ട് അവര്‍ ബാറ്ററി കരുത്തു പകരുമെന്നാണ് റിപ്പോര്‍ട്ട്. ഹൈ-സ്പെസിഫിക്കേഷനുള്ള ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് MDയും CEOയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. 2030ഓടെ കയറ്റുമതി ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BYD ഇന്ത്യ പുതിയ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

E6 MPVയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് കമ്പനി ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ ഒരുങ്ങുന്നത്. ദീപാവലിയോട് അനുബന്ധിച്ച് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍വശത്ത് പുതിയ LED ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്‌നേച്ചറോട് കൂടിയ പുതിയ ഫുള്‍-LED ഹെഡ്ലാമ്പുകള്‍ ഉണ്ടായിരിക്കും. പുതിയ ഫ്രണ്ട് ബമ്പറും ഇതിലുണ്ട്. അതിന്റെ വശങ്ങളില്‍ കൂടുതല്‍ കോണ്ടൂര്‍ഡ് എയര്‍ വെന്റുകളുണ്ട്.

MG വിന്‍ഡ്സര്‍ EV സെപ്റ്റംബര്‍ 11ന് ലോഞ്ച് ചെയ്യും

പുതിയ EVയുടെ വില 20 ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്ന് MG മോട്ടോര്‍ അറിയിച്ചു. ഏകദേശം 4.3 മീറ്റര്‍ നീളമുള്ള MG വിന്‍ഡ്സര്‍ EV നൂതന സാങ്കേതികവിദ്യയ്ക്കൊപ്പം സെഡാന്റെ സുഖവും SUVയുടെ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുമെന്ന് എംജി അവകാശപ്പെടുന്നു. ചെറിയ ബാറ്ററി പായ്ക്ക് 360 കിലോമീറ്റര്‍ റേഞ്ച് നല്‍കുമ്പോള്‍ വലിയ ബാറ്ററി പതിപ്പ് 460 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ടാറ്റ കര്‍വ് EV ഇന്ത്യന്‍ വിപണിയില്‍

ടാറ്റയുടെ അഞ്ചാമത്തെ ഇലക്ട്രിക് വാഹനം കര്‍വ് EV വിപണിയില്‍ അവതരിപ്പിച്ചു. 17.49 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഏഴു മോഡലുകളില്‍ ലഭിക്കുന്ന വാഹനം രണ്ട് ബാറ്ററി പായ്ക്കുകളിലാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇതില്‍ 45 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡലിന് 502 കിലോമീറ്റര്‍ റേഞ്ചും 55 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡലിന് 585 കിലോമീറ്റര്‍ റേഞ്ചുമുണ്ടാകും. ഓഗസ്റ്റ് 12 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും.

SUVകളുടെ വിലയില്‍ കുറവുമായി ടാറ്റ മോട്ടോഴ്‌സ്

സഫാരി, ഹാരിയര്‍, നെക്‌സണ്‍, പഞ്ച്, സിയേറ സഫാരി തുടങ്ങിയ മോഡലുകളുടെ വിലയിലാണ് കമ്പനി വിലക്കുറവ് വരുത്തിയിരിക്കുന്നത്. വില്‍പ്പനയില്‍ 20 ലക്ഷം SUVകള്‍ എന്ന റെക്കോര്‍ഡ് പിന്നിട്ടതിന് പിന്നാലെയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. ടാറ്റ ഹാരിയറിന്റെ പ്രാരംഭ വില 14.99 ലക്ഷം രൂപയായാണ് കുറച്ചത്. ടാറ്റയുടെ ഇലക്ട്രിക് SUVയായ നെക്‌സണ്‍ EVയ്ക്ക് 1.3 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

മെഴ്‌സിഡസ് ബെന്‍സ് മൂന്ന് ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും

ഈ വര്‍ഷം അവസാനം മൂന്ന് ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഹൈ എന്‍ഡ് മോഡലുകളില്‍ EQS, EQE എന്നിവ അടക്കം മൂന്ന് ഇലക്ട്രിക് വാഹനങ്ങളായിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ട്. മെഴ്സിഡസ് ബെന്‍സ് E ക്ലാസ്, സ്പോര്‍ട്ടി മെഴ്സിഡസ് AMG C 63 E പെര്‍ഫോമന്‍സ് F വണ്‍ എഡിഷന്‍, മെഴ്സിഡസ് AMG S 63 E പെര്‍ഫോമന്‍സ് എന്നിവയ്ക്ക് പുറമെയാണ് SUV ഗണത്തില്‍പ്പെട്ട മൂന്ന് ഇലക്ട്രിക് കാറുകള്‍ കൂടി വിപണിയിലെത്തിക്കുന്നത്.

iX xDrive 50 ഇന്ത്യയില്‍ അവതരിപ്പിച്ച് BMW

BMWന്റെ iX xDrive 50ന് 1.4 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. മിനറല്‍ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, സ്റ്റോം ബേ മെറ്റാലിക്, അവഞ്ചൂറിന്‍ റെഡ്, ഓക്സൈഡ് ഗ്രേ എന്നീ നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. ഫ്‌ലൗണ്ടിംഗ് ഫ്രെയിംലെസ് വിന്‍ഡോകള്‍, 22 ഇഞ്ച് അലോയ്കള്‍, 3D ബോണറ്റ്, ദീര്‍ഘചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, വണ്‍ പീസ് LED ടെയില്‍ ലൈറ്റുകള്‍, ഫ്‌ലേര്‍ഡ് ഷോള്‍ഡര്‍ ഏരിയ ഗ്രാബ് ഐബോള്‍ എന്നിവയും നല്‍കിയിട്ടുണ്ട്. പാര്‍ക്കിംഗ് അസിസ്റ്റന്റും ബാക്ക് അപ്പ് അസിസ്റ്റന്റുമാണ് മറ്റൊരു പ്രത്യേകത.

രാജ്യത്തെ ആദ്യ ഇലക്ട്രിക് MPV പുറത്തിറക്കാനൊരുങ്ങി മാരുതി സുസുക്കി

2026 സെപ്റ്റംബറില്‍ മാരുതിയുടെ ഇലക്ട്രിക് MPV പുറത്തിറങ്ങുമെന്ന് കമ്പനി വ്യക്തമാക്കി. YMC എന്നു കോഡ് നെയിം ഇട്ടിരിക്കുന്ന ഈ വാഹനം ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന EVX ഇലക്ട്രിക് SUV അടിസ്ഥാനമാക്കിയായിരിക്കും എത്തുക. 550 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന വാഹനമായിരിക്കും ഈ ഇലക്ട്രിക് മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍. EVXന് സമാനമായ ഇലക്ട്രിക് മോട്ടോറും ബാറ്ററി ഓപ്ഷനുകളുമായിരിക്കും MPVക്കും.

MG മോട്ടോര്‍ ഇന്ത്യ ZS EV ‘എക്സൈറ്റ് പ്രോ’ പുറത്തിറക്കി

ഡ്യുവല്‍ പേയ്ന്‍ പനോരമിക് സ്‌കൈ റൂഫുള്ള MGയുടെ ZS EVയുടെ പുതിയ വേരിയന്റാണ് എക്‌സൈറ്റ് പ്രോ. ഡിജിറ്റല്‍ കീ ലോക്കിംഗ്, അണ്‍ലോക്കിംഗ് എന്നീ സവിശേഷതകളോടെ വരുന്ന എക്‌സൈറ്റ് പ്രോയ്ക്ക് 19.98 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 461 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.