ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ചുമതലയേറ്റു

AAP നേതാവ് അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് തൊട്ടടുത്തുള്ള മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. കഴിഞ്ഞ ദിവസമാണ് അതിഷി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാമായണത്തിലെ ഭരതന്‍ വഹിച്ച അതേ ഭാരമാണ് ഇന്ന് ഞാനും വഹിക്കുന്നത്. അദ്ദേഹം ശ്രീരാമന്റെ ചെരിപ്പുകള്‍ സിംഹാസനത്തില്‍ വെച്ച് രാജ്യം ഭരിച്ചത് പോലെ, അതേ മനോഭാവത്തോടെ ഞാനും അടുത്ത നാല് മാസത്തേക്ക് ഡല്‍ഹി ഭരിക്കുമെന്ന് അതിഷി പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ അരവിന്ദ് കെജ്‌രിവാളിനെ അധികാരത്തിലെത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

AAP നേതാവ് അതിഷി മര്‍ലേന ഇന്ന് ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ വൈകിട്ട് 4.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സുല്‍ത്താന്‍പൂരില്‍ നിന്നുള്ള MLA മജ്റ മുകേഷ് അഹ്ലാവത് മന്ത്രിസഭയില്‍ പുതുമുഖമായി എത്തും. നിലവിലെ മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്ട്, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും മന്ത്രിമാരായി തുടരും. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് അതിഷിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തിയത്.

ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഡൽഹി മുഖ്യമന്ത്രിയായി അതിഷി മാർലേന ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. അതിഷിക്കൊപ്പം മുഴുവൻ മന്ത്രിസഭയും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കെജ്‌രിവാൾ മന്ത്രിസഭയിലുണ്ടായിരുന്ന സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെഹ്‌ലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവർ തങ്ങളുടെ വകുപ്പുകളിൽ തുടരുകയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. സുൽത്താൻപൂർ മജ്‌റയിൽ നിന്നുള്ള MLA യായ മുകേഷ് അഹ്ലാവത് മന്ത്രിയാകും. ദളിത് വിഭാഗത്തിൽ നിന്നുള്ള MLA യാണ് മുകേഷ് അഹ്ലാവത്.

അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. ലെഫ്റ്റനന്റ് ഗവര്‍ണർ വിനയ് കുമാർ സക്സേനയുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടി MLA മാർ ഇന്ന് ചേർന്ന നിർണായക യോഗത്തിലാണ് അതിഷി മർലേനയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാള്‍ ഞായറാഴ്ചയാണ് രണ്ടുദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നറിയിച്ചത്.

അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും

വൈകിട്ടോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് നടക്കുന്ന MLAമാരുടെ യോഗത്തില്‍ തീരുമാനമായേക്കും. ഇന്നലെ കൂടിയ 11 അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്‌രിവാള്‍ നേരിട്ട് തേടിയിരുന്നു. അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനാണ് സാധ്യത.

കനത്തമഴ; ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു

സെപ്തംബറില്‍ റെക്കോര്‍ഡ് മഴ ലഭിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു. എയര്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ 52 (നല്ലത് / തൃപ്തികരം) രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഏറ്റവും മെച്ചപ്പെട്ട നിലയാണിത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ശക്തമായ മഴയും കാറ്റുമാണ് മലിനീകരണത്തെ ഫലപ്രദമായി ഇല്ലാതാക്കിയത്. സെപ്തംബര്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ 1,000 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു.

പാകിസ്ഥാനില്‍ ഭൂചലനം; ഡല്‍ഹി- NCRലും പ്രകമ്പനം അനുഭവപ്പെട്ടു

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിന് പിന്നാലെ ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്ഥാനിലെ കരോറില്‍ നിന്ന് 25 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെടുന്നത്.

സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലക്കുറ്റം ചുമത്താമെന്ന് കോടതി

1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗ്ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതകം, കലാപമുണ്ടാക്കാനുള്ള പ്രകോപനം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്താൻ ഡൽഹി റൗസ് അവന്യു കോടതി CBI ക്ക് നിർദേശം നൽകി. ജഗ്ദീഷ് ടൈറ്റ്‌ലറെ വിചാരണ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു. സിഖ് വിരുദ്ധ കലാപത്തിനിടെ പുൽ ബംഗാഷിലെ ഗുരുദ്വാരയ്ക്ക് തീയിടുകയും ഥാക്കുർ സിങ്, ബാദൽ സിങ്, ഗുരുചരൺ സിങ് എന്നിവരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് CBI രജിസ്റ്റർ ചെയ്ത കേസിലാണ് ജഗ്ദീഷ് ടൈറ്റ്‌ലർക്കെതിരെ കുറ്റം ചുമത്തുന്നത്.

സ്വാതന്ത്ര്യ ദിനാഘോഷം; കനത്ത സുരക്ഷയില്‍ ഡല്‍ഹി

നാളെ രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. ചെങ്കോട്ടയ്ക്ക് സമീപം താല്‍ക്കാലിക സിസിടിവികള്‍ സ്ഥാപിച്ചു. ആന്റി ഡ്രോണ്‍ ആന്റി എയര്‍ക്രാഫ്റ്റ് സംവിധാനങ്ങളും സ്ഥാപിച്ചു. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000ത്തിലധികം ട്രാഫിക് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഡല്‍ഹി നഗരത്തില്‍ പെട്രോളിങ്ങും ശക്തമാക്കി. നഗരത്തിലെ പ്രധാനപാതകളില്‍ ബാരിക്കേടുകളും താല്‍ക്കാലിക നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

കനത്ത മഴ; ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണ്‍ മേഖലയിലാണ് സംഭവം. അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന കെട്ടിടമാണ് കനത്ത മഴയ്ക്ക് പിന്നാലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ തകര്‍ന്നുവീണത്. പോലീസിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും സഹായത്തോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.