കോണ്‍ഗ്രസിനും പാകിസ്ഥാനും ഒരേ അജണ്ടയെന്ന് അമിത് ഷാ

ആര്‍ട്ടിക്കള്‍ 370നെ കോണ്‍ഗ്രസും ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണക്കുന്നതിനെ സംബന്ധിച്ച് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കോണ്‍ഗ്രസിനും പാകിസ്ഥാനും ഒരേ നിലപാട് ആണെന്നാണ് തെളിയിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസും-നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുളള സഖ്യം അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കള്‍ 370 പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പരാമര്‍ശം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസും പാകിസ്ഥാനും മറന്നു പോയെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.

ബിഹാറില്‍ ദളിതരുടെ 21 വീടുകള്‍ക്ക് തീവെച്ചു; ജംഗിള്‍ രാജെന്ന് ആരോപണം

നവാഡ ജില്ലയിലെ ഒരു ദളിത് സെറ്റില്‍മെന്റില്‍ ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് ആക്രമികള്‍ 21 വീടുകള്‍ തീവെച്ച് നശിപ്പിച്ചത്. സംഭവത്തില്‍ 15 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ബിഹാറില്‍ നിലനില്‍ക്കുന്ന ജംഗിള്‍ രാജിന്റെ തെളിവാണ് ഈ സംഭവമെന്ന് RJDയും കോണ്‍ഗ്രസും ആരോപിച്ചു. അക്രമികള്‍ തങ്ങളുടെ സെറ്റില്‍മെന്റിലേക്ക് ഇരച്ചുകയറി നിരവധി ദളിത് കുടുംബങ്ങളെ മര്‍ദ്ദിച്ചതായി ഗ്രാമവാസികള്‍ പറഞ്ഞു.

ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

ജമ്മുകശ്മീരിലെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ കവറേജ് നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കശ്മീരി പണ്ഡിറ്റ് കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റും. ഗൃഹനാഥകള്‍ക്ക് പ്രതിമാസം 3,000 രൂപ ആനുകൂല്യവും സ്ത്രീകള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പയും നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാഗ്ദാനം ചെയ്തു. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക.

മണിപ്പൂര്‍ സംഘര്‍ഷം; അമിത് ഷായ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് MP

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നര്‍ മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് MP എ ബിമോള്‍ അക്കോയിജം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. അക്രമത്തില്‍ നൂറുകണക്കിനാളുകളുടെ ജീവന്‍ നഷ്ടമായി. ഏകദേശം 60,000 ആളുകള്‍ ഭവനരഹിതരാക്കപ്പെട്ടു. ജനങ്ങളുടെ ഉപജീവനമാര്‍ഗത്തെയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചു. ആയതിനാല്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഷായോട് അഭ്യര്‍ത്ഥിച്ചു.

കോൺഗ്രസിൽ ചേർന്നതിന് ബജ്റംഗ് പുനിയക്ക് വധഭീഷണി

കോൺഗ്രസിൽ ചേർന്നതിനെ തുടർന്ന് ഗുസ്തി താരം ബജ്റംഗ് പുനിയക്ക് വധഭീഷണി. വിദേശ ഫോൺ നമ്പറിൽ നിന്ന് വാട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോണ്‍ഗ്രസ് വിടുന്നതാവും ബജ്റംഗ് പുനിയക്കും കുടുംബത്തിനും നല്ലത്. ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നുമായിരുന്നു ഭീഷണി സന്ദേശം. സംഭവത്തിൽ സോനിപത്തിലെ ബാൽഗഢ് പോലീസ് സ്റ്റേഷനിൽ ബജ്റംഗ് പുനിയ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്

പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ US സന്ദര്‍ശനമാണിത്. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും സംസാരിക്കും. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

വിനേഷ് ഫോഗട്ടിന്റെ കോണ്‍ഗ്രസ് പ്രവേശനം; ഗൂഢാലോചന തെളിഞ്ഞെന്ന് ബ്രിജ് ഭൂഷണ്‍

ഗുസ്തി താരം വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും, തനിക്കെതിരായ ലൈംഗികാരോപണങ്ങളും ഗുസ്തിക്കാരുടെ പ്രതിഷേധവും കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നതിന്റെ തെളിവാണെന്ന് മുന്‍ BJP എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഒളിമ്പിക്‌സ് ഫൈനലിന് മുമ്പുളള വിനേഷിന്റെ ആയോഗ്യത ദൈവം നല്‍കിയ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ മുന്‍നിരയില്‍ നിന്ന താരങ്ങളായിരുന്നു വിനേഷ് ഫോഗട്ടും ബജ്‌രംഗ്‌ പുനിയയും. ഇരുവരും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

വിനേഷ് ഫോഗട്ട് കോൺഗ്രസിനായി ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും

കോൺഗ്രസിൽ അംഗത്വം സ്വീകരിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബാബരിയ ആണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. വിനേഷ് ഫോഗട്ടിനൊപ്പം ഇന്ന് AICC ആസ്ഥാനത്തെത്തി കോൺഗ്രസിൽ അംഗത്വം സ്വീകരിച്ച മറ്റൊരു ഗുസ്തി താരമായ ബജ്‌രംഗ് പുനിയ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല.

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. AICC ആസ്ഥാനത്തെത്തിയാണ് താരങ്ങള്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയില്‍വേയിലെ ജോലി രാജിവെച്ചിരുന്നു.

പിണറായി വിജയന്‍ ഭീകരജീവി; രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി KPCC അധ്യക്ഷന്‍ കെ. സുധാകരന്‍. പിണറായി വിജയന്‍ ഭീകരജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. രാജിവെച്ചില്ലെങ്കില്‍ പിണറായി വിജയനെ അടിച്ചുപുറത്താക്കാന്‍ കേരളത്തിലെ ജനത രംഗത്തവരുമെന്നും കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.