CBSE പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 93.60 വിജയ ശതമാനം

2238827 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയില്‍ 2095467 പേര്‍ വിജയിച്ചു. പരീക്ഷ ഏഴുതിയ 47,000 പേര്‍ക്ക് 95 ശതമാനം മാര്‍ക്ക് ലഭിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ ഇത്തവണ 0.48 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് cbse.nic.in, cbseresults.nic.in, results.cbse.nic.in. എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്. വിജയ ശതമാനത്തില്‍ തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്. 99.75 ശതമാനം വിജയമാണ് നേടിയത്.

CBSE പ്ലസ്ടു ഫലം പ്രഖ്യാപിച്ചു

ഇത്തവണ 87.98 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. cbse.nic.in, cbse.gov.in, cbseresults.nic.in, and results.cbse.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാന്‍ സാധിക്കും. ഏകദേശം 39 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം ബോര്‍ഡ് പരീക്ഷകള്‍ എഴുതിയത്.

2025 മുതല്‍ CBSE ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ

2025-26 അധ്യയനവര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ ബോര്‍ഡ് പരീക്ഷ നടത്തുന്നതിനുള്ള ലോജിസ്റ്റിക്‌സ് തയ്യാറാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷനോട് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ സെമസ്റ്റര്‍ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഉപേക്ഷിച്ചതായും CBSE അറിയിച്ചു.

CBSE, ICSE സ്കൂളുകൾക്ക് വേനലവധി ക്ലാസുകൾ നടത്താൻ ഹൈക്കോടതി അനുമതി

സംസ്ഥാനത്തെ CBSE, ICSE സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസുകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകി. രാവിലെ 7:30 മുതൽ 10:30 വരെയാണ് ക്ലാസ് നടത്താൻ അനുവാദമുള്ളത്. സംസ്ഥാനത്ത് കുട്ടികളുടെ വേനലവധി ക്ലാസുകൾ പൂർണമായും നിരോധിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേരള CBSE മാനേജ്‌മന്റ് അസോസിയേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. വേനൽച്ചൂട് കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ക്രമക്കേടുകൾ നടത്തിയതിനെ തുടർന്ന് 20 സ്‌കൂളുകളുടെ അഫിലിയേഷൻ CBSE റദ്ദാക്കി

യോഗ്യതയില്ലാത്ത വിദ്യാർത്ഥികളെ ചേർത്തതിന് CBSE കേരളത്തിലെ രണ്ട് സ്‌കൂളുകൾ ഉൾപ്പെടെ 20 സ്‌കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി. മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നീ സ്‌കൂളുകൾക്കാണ് കേരളത്തിൽ CBSE യുടെ അംഗീകാരം നഷ്ടപ്പെട്ടത്. രാജ്യത്തെ CBSE സ്‌കൂളുകളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.

ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി CBSE

കരിക്കുലം കമ്മിറ്റിയുടെ ശുപാര്‍ശയില്‍ തിരഞ്ഞെടുക്കപ്പെട്ട സാധ്യതാ പഠനം മാത്രമാകും നടക്കുകയെന്ന് CBSE അക്കാദമിക് ഡയറക്ടര്‍ ജോസഫ് ഇമ്മാനുവേല്‍ വ്യക്തമാക്കി. പരീക്ഷാ രീതിയില്‍ ഉഠനടി മാറ്റം നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്തുമെന്ന തരത്തില്‍ വന്ന വാര്‍ത്തകളില്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക ഉണ്ടായതോടെയാണ് CBSEയുടെ വിശദീകരണം.

സെക്കൻഡറി, ഹയർ സെക്കൻഡറി അക്കാദമിക ഘടനയില്‍ മാറ്റത്തിനൊരുങ്ങി CBSE

പത്താം ക്ലാസില്‍ രണ്ട് ഭാഷകള്‍ പഠിക്കുന്നതിന് പകരം മൂന്നെണ്ണം പഠിക്കണമെന്നും അതില്‍ രണ്ടെണ്ണം ഇന്ത്യൻ ഭാഷയായിരിക്കണം എന്നുമാണ് നിർദേശിച്ചിരിക്കുന്നത്. പത്താം ക്ലാസിലെ വിദ്യാർത്ഥികള്‍ നേരത്തെ അഞ്ച് വിഷയങ്ങളില്‍ വിജയിച്ചാല്‍ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 10 ആക്കി മാറ്റിയിട്ടുണ്ട്. പ്ലസ് ടുവില്‍ ഒന്നിന് പകരം രണ്ട് ഭാഷകള്‍ പഠിക്കണം അതില്‍‌ ഒരെണ്ണം മാതൃഭാഷ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്.

CBSE പത്ത്, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

CBSE പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 13 വരെ നടക്കും. പ്ലസ് ടു ബോർഡ് പരീക്ഷ ഫെബ്രുവരി 15 മുതൽ ഏപ്രിൽ രണ്ട് വരെയാണ് നടക്കുക.