തിരുപ്പതി ലഡു വിവാദം; പ്രതികരണവുമായി ജഗന്‍ മോഹന്‍ റെഡ്ഡി

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ലഡുവില്‍ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉണ്ടെന്ന ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ ആരോപണം തള്ളി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. TDP മതപരമായ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. അവര്‍ പങ്കുവെച്ച ലബോറട്ടറി റിപ്പോര്‍ട്ട് എന്‍. ചന്ദ്രബാബു നായിഡു അധികാരമേറ്റ ജൂലൈ മുതലുള്ളതാണെന്നും ഗുണനിലവാരമില്ലാത്ത നെയ്യ് നല്‍കിയതിന് അന്നത്തെ വിതരണക്കാരായ എആര്‍ ഡയറിയാണ് ഉത്തരവാദികളെന്നും റെഡ്ഡി പറഞ്ഞു.

തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡു നിര്‍മ്മിക്കാന്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും നദ്ദ പറഞ്ഞു. വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡു നിര്‍മ്മിക്കാന്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി.

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം

മഴക്കെടുതിയിൽ വലഞ്ഞ് ആന്ധ്രയും തെലങ്കാനയും. ഇതുവരെ 27 മരണമാണ് ഇരു സംസ്ഥാനങ്ങളിലുമായി റിപ്പോർട്ട് ചെയ്തത്. മഴക്കെടുതിക്കിടെ ഇന്നലെ മുതൽ ഇതുവരെ 140 ട്രെയിനുകൾ റദ്ദാക്കുകയും നൂറോളം ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 സംഘങ്ങളെ ഇരു സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.

ആന്ധ്രയില്‍ കനത്തമഴ; എട്ട് പേര്‍ മരിച്ചു

കനത്തമഴയില്‍ ആന്ധ്രാപ്രദേശിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായി. മഴക്കെടുതിയില്‍ എട്ടുപേര്‍ മരണപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധിയാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം വരും ദിവസങ്ങളിലും ആന്ധ്രയിലും തെലങ്കാനയിലും മഴ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആന്ധ്രാപ്രദേശില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ വീണ്ടും ആക്രമണം

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് രോഗിയുടെ ആക്രമണം. വനിതാ ഡോക്ടറുടെ മുടിയില്‍ പിടിച്ച് തല സ്റ്റീല്‍ ഫ്രെയിമിലേക്ക് കൊണ്ടുചെന്ന് ഇടിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാര്‍ഡിലെ മറ്റു ഡോക്ടര്‍മാര്‍ ഉടന്‍ ഓടിയെത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിയെ കീഴടക്കി കൊണ്ടുപോവുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ തീപിടിത്തം; ഏഴ് പേര്‍ വെന്തുമരിച്ചു

ആന്ധ്രാപ്രദേശിലെ അനകപ്പല്ലേയിലെ എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഏഴുപേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചഭക്ഷണ സമയത്താണ് അപകടം ഉണ്ടായത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വിശാഖപട്ടണത്ത് ട്രെയിനില്‍ തീപിടിത്തം; മൂന്ന് എസി കോച്ചുകള്‍ കത്തിനശിച്ചു

വിശാഖപട്ടണം റെയില്‍വേ സ്റ്റേഷന്റെ നാലാം പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന കോര്‍ബ-വിശാഖപട്ടണം എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ എക്‌സ്പ്രസിന്റെ മൂന്ന് എസി കോച്ചുകള്‍ കത്തിനശിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബി 7 ബോഗിയുടെ ടോയ്ലറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മറ്റ് ബോഗികകളിലേക്കും തീ പടര്‍ന്നെങ്കിലും ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരെത്തി തീ നിയന്ത്രണവിധേയമാക്കി.

ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പദ്ധതികള്‍

കേന്ദ്ര ബജറ്റില്‍ ആന്ധ്രയ്ക്ക് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചു. ആന്ധ്രയില്‍ മൂലധന നിക്ഷേപം കൂട്ടുമെന്നും ധനമന്ത്രി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതിയും കൊണ്ടു വരും. ഹൈദരാബാദ് -ബെംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോറും പ്രഖ്യാപിച്ചു. ബിഹാറിന് വിമാനത്താവളങ്ങള്‍, എക്‌സ്പ്രസ് വേ, സാമ്പത്തിക ഇടനാഴി എന്നിവ പ്രഖ്യാപിച്ചു. ബിഹാറില്‍ ദേശീയപാത വികസനത്തിന് 26,000 കോടി പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസ്

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. TDP എംഎല്‍എ രഘുരാമ കൃഷ്ണ രാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുണ്ടൂര്‍ ജില്ലയിലെ നഗരംപാലം പോലീസാണ് FIR രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. CID മുന്‍ മേധാവി പി.വി. സുനില്‍ കുമാര്‍, ഇന്റലിജന്‍സ് മുന്‍ മേധാവി പി.എസ്.ആര്‍. ആഞ്ജനേയുലു എന്നിങ്ങനെ മുതിര്‍ന്ന IPS ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു

നാലാമത്തെ തവണയാണ് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുന്നത്. ജനസേനാ മേധാവി പവന്‍ കല്യാണും നായിഡുവിന്റെ മകന്‍ നാരാ ലോകേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ ജെ. പി. നദ്ദ, നിതിന്‍ ഗഡ്കരി നടന്മാരായ ചിരഞ്ജീവി, രജനി കാന്ത്, നന്ദമുരി ബാലകൃഷ്ണ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കേസരപ്പള്ളി IT പാര്‍ക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.