പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലേക്ക്

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎസിലേക്ക് പുറപ്പെടും. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുള്‍പ്പെടെ വിവധ ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപിനെ മോദി സന്ദര്‍ശിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. 24ന് വൈകിട്ട് മോദി തിരിച്ചെത്തും.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചു

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നത്. അര ശതമാനമാണ് കുറച്ചിരിക്കുന്നത്. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. കടം വാങ്ങുന്നതിനുള്ള ചെലവ് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമം; റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മെറ്റയുടെ വിലക്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് മെറ്റ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ സ്റ്റേറ്റ് മീഡിയയ്ക്ക് ഉള്‍പ്പടെയാണ് വിലക്ക്. മെറ്റയ്ക്ക് കീഴില്‍ വരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റ്ഗ്രാം, വാട്സ്ആപ്പ്, ത്രെഡ് എന്നിവയിലും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്കപ്പെടും. US തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധത്തില്‍ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ US കമ്പനികളെ ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രധാന റഷ്യന്‍ മാധ്യമമായ ആര്‍. ടിക്ക് വിലക്ക് നേരിടേണ്ടി വന്നത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്

പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ US സന്ദര്‍ശനമാണിത്. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും സംസാരിക്കും. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

അമേരിക്കയിലെ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

ടെക്‌സാസിലുണ്ടായ വാഹനാപകടത്തില്‍ ഒരു യുവതി അടക്കം നാല് ഇന്ത്യാക്കാരാണ് മരിച്ചത്. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഒരുമിച്ച് യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേയാണ് അപകടം ഉണ്ടായത്. ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാര്‍ള, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന SUVയില്‍ തീപിടിക്കുകയായിരുന്നു. ആര്യന്‍ രഘുനാഥും ഫാറൂഖ് ഷെയ്ക്കും ഹൈദരാബാദ് സ്വദേശികളാണ്. ദര്‍ശിനി വാസുദേവന്‍ തമിഴ്നാട് സ്വദേശിയാണ്.

ചിക്കാഗോയില്‍ ട്രെയിനില്‍ വെടിവെയ്പ്പ്; 4 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ചിക്കാഗോയില്‍ ഫോറസ്റ്റ് പാര്‍ക്ക് ട്രെയിന്‍ സ്റ്റേഷനിലായിരുന്നു വെടിവെയ്പ്പ്. വെടിയേറ്റ മൂന്നു പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മെരിച്ചത്. അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് തോക്കും കണ്ടെടുത്തു.

ഇന്ത്യന്‍ IT കമ്പനിക്ക് അമേരിക്കയില്‍ 800 കോടി രൂപ പിഴ

വ്യാപാരരഹസ്യങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ചെന്ന കേസിലാണ് നടപടി. ഇന്ത്യന്‍ IT കമ്പനിയായ സ്റ്റെര്‍ലൈറ്റ് ടെക്കിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ എതിരാളി പ്രിസ്മിയനില്‍ നിന്ന് സ്റ്റെര്‍ലൈറ്റ് കമ്പനി ഉപഭോക്താക്കളുടെയും നിര്‍മാണത്തിന്റെയും വിവരങ്ങള്‍ നിയമവിരുദ്ധമായി സമ്പാദിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഈ രേഖകളുപയോഗിച്ച് 96,500,000 ഡോളറിന്റെ നേട്ടങ്ങള്‍ സ്റ്റെര്‍ലൈറ്റ് ഉണ്ടാക്കിയതായും പ്രിസ്മിയന്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു; ഗൂഗിളിനെതിരെ US കോടതി

ഓണ്‍ലൈന്‍ സെര്‍ച്ചിലും അനുബന്ധ പരസ്യങ്ങളിലും തങ്ങളുടെ കുത്തക നിലനിര്‍ത്തുന്നതിനായി ഗൂഗിള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് US കോടതി. ഇതിലൂടെ കമ്പനി USലെ ആന്റി ട്രസ്റ്റ് നിയമം ലംഘിച്ചുവെന്നും കോടതി വ്യക്തമാക്കി. പുതിയ മൊബൈല്‍ ഫോണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വന്‍ തുക ഗൂഗിള്‍ മുടക്കിയെന്നാണ് കണ്ടെത്തല്‍. പൊതുവായ സെര്‍ച്ച് സേവനങ്ങളില്‍ 89.2 ശതമാനം വിപണി വിഹിതവും ഗൂഗിളിനാണ്. മൊബൈല്‍ ഫോണുകളില്‍ ഇത് 94.9 ശതമാനമാണെന്നും കോടതി വിധിയില്‍ പറയുന്നു.

ചാറ്റ് GPT-5 മോഡല്‍ ആദ്യ നല്‍കുക USനെന്ന് ഓപ്പണ്‍ AI

ഓപ്പണ്‍ AIയുടെ അടുത്ത ഫൗണ്ടേഷണല്‍ മോഡലായ ചാറ്റ് GPT-5 ന്റെ നിര്‍മാണത്തിനായി US എഐ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി ചാറ്റ് GPT-5 മോഡല്‍ ആദ്യം ഇന്‍സ്റ്റിറ്റ്യൂട്ടിന് തന്നെ ലഭ്യമാക്കുമെന്ന് ഓപ്പണ്‍ AI മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. പുതിയ മോഡല്‍ സുരക്ഷിതമാണോയെന്നും പൊതു ഉപയോഗത്തിന് അനുയോജ്യമാണോയെന്നും ഉറപ്പാക്കുകയാണ് AI സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല.

ഇറാന്റെ ഭീഷണി; ഇസ്രായേലിന് പ്രതിരോധം ശക്തമാക്കാന്‍ സഹായവുമായി അമേരിക്ക

ആക്രമണങ്ങളില്‍ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കാനായി പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും കപ്പലുകളും അയച്ച് സൈനിക സഹായം ശക്തമാക്കാനാണ് അമേരിക്കയുടെ പദ്ധതി. ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായില്‍ ഹനിയയെ തങ്ങളുടെ രാജ്യത്തുവച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇസ്രായേലിനെതിരെ ഇറാല്‍ ഭീഷണിയുമായി രംഗത്തെത്തിയത്. ഹനിയയുടെ കൊലപാതകം പശ്ചിമേഷ്യന്‍ മേഖലയെ വീണ്ടും ആക്രമണങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്.