ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഡൽഹി മുഖ്യമന്ത്രിയായി അതിഷി മാർലേന ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. അതിഷിക്കൊപ്പം മുഴുവൻ മന്ത്രിസഭയും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കെജ്‌രിവാൾ മന്ത്രിസഭയിലുണ്ടായിരുന്ന സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെഹ്‌ലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവർ തങ്ങളുടെ വകുപ്പുകളിൽ തുടരുകയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. സുൽത്താൻപൂർ മജ്‌റയിൽ നിന്നുള്ള MLA യായ മുകേഷ് അഹ്ലാവത് മന്ത്രിയാകും. ദളിത് വിഭാഗത്തിൽ നിന്നുള്ള MLA യാണ് മുകേഷ് അഹ്ലാവത്.

സുരക്ഷവേണ്ട, മുഖ്യമന്ത്രിയുടെ വസതി ഒഴിയാനൊരുങ്ങി അരവിന്ദ് കെജ്‌രിവാള്‍

സുരക്ഷ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സൗകര്യങ്ങളും ഉപേക്ഷിച്ച് അരവിന്ദ് കെജ്‌രിവാള്‍ 15 ദിവസത്തിനുള്ളില്‍ ഔദ്യോഗിക വസതിയില്‍ നിന്ന് മാറി, സാധാരണക്കാരനെപ്പോലെ താമസിക്കുമെന്ന് AAP അറിയിച്ചു. രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം കെജ്‌രിവാള്‍ ആദ്യം സംസാരിച്ചത് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വിടാനുള്ള തീരുമാനമായിരുന്നുവെന്ന് AAP രാജ്യസഭാ MP സഞ്ജയ് സിംഗ് പറഞ്ഞു. അതേസമയം മുന്‍പ് നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുളളതിനാല്‍ അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും സിംഗ് പറഞ്ഞു.

അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. ലെഫ്റ്റനന്റ് ഗവര്‍ണർ വിനയ് കുമാർ സക്സേനയുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടി MLA മാർ ഇന്ന് ചേർന്ന നിർണായക യോഗത്തിലാണ് അതിഷി മർലേനയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാള്‍ ഞായറാഴ്ചയാണ് രണ്ടുദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നറിയിച്ചത്.

നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരായ വിവാദ പരാമര്‍ശം; സ്വാതി മലിവാൾ MP സ്ഥാനം രാജിവെക്കണമെന്ന് AAP

പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ വിട്ടുകിട്ടാന്‍ പ്രതിഷേധം ഉയര്‍ത്തിയ കുടുംബത്തില്‍ നിന്ന് ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കുന്നുവെന്നും ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്നുമായിരുന്നു AAP എംപിയായ സ്വാതിയുടെ പരാമർശം. ആ കുടുംബത്തില്‍പ്പെട്ട അതിഷിയെ മുഖ്യമന്ത്രിയാക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് രാജ്യസഭാ അംഗത്വം രാജിവെക്കാൻ സ്വാതി മലിവാളിനോട് പാർട്ടി ആവശ്യപ്പെട്ടത്. AAP എംപി ആണെങ്കിലും സ്വാതി പ്രവർത്തിക്കുന്നത് BJPക്ക് വേണ്ടിയെന്ന് ആംആദ്മി ആരോപിച്ചു.

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും

അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നതോടെ ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പുതിയ ഡല്‍ഹി മുഖ്യമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയുടെ MLAമാരുടെ നിര്‍ണായക യോഗത്തിലാണ് അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഈ മാസം 26, 27 തീയതികളിലായി ഡല്‍ഹി നിയമസഭ സമ്മേളനം ചേരും. അതിഷി മുഖ്യമന്ത്രിയാകുന്നതോടെ ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും.

അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും

വൈകിട്ടോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് നടക്കുന്ന MLAമാരുടെ യോഗത്തില്‍ തീരുമാനമായേക്കും. ഇന്നലെ കൂടിയ 11 അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്‌രിവാള്‍ നേരിട്ട് തേടിയിരുന്നു. അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനാണ് സാധ്യത.

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

രണ്ടുദിവസം കഴിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. വോട്ടര്‍മാര്‍ തീരുമാനിക്കാതെ ആ സ്ഥാനത്ത് ഇരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ആംആദ്മി പാര്‍ട്ടി യോഗത്തിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മദ്യനയക്കേസില്‍ ആറുമാസം ജയിലില്‍ കിടന്ന ശേഷം രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം ജാമ്യം നേടി പുറത്തു വന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയില്‍ മോചിതനായി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍ മോചിതനായത്. തീഹാര്‍ ജയിലിന് പുറത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം ഒരുക്കിയാണ് കെജ്‌രിവാളിനെ സ്വീകരിച്ചത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിന് പുറത്തെത്തിയ കെജ്‌രിവാളിന്റെ ആദ്യ പ്രതികരണം.

ഹരിയാന തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി AAP

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുളള 20 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി AAP. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് AAP ആദ്യ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. AAP ആവശ്യപ്പെട്ടത്ര സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 12 ആണ്. ഒക്ടോബര്‍ 5നാണ് ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

കെജ്‌രിവാള്‍ ജയിലില്‍ കഴിയുമ്പോള്‍ AAPയ്ക്ക് മനീഷ് സിസോദിയ നേതൃത്വം നല്‍കും

ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഭാവത്തില്‍ ഡല്‍ഹിയിലും ഹരിയാനയിലും നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മനീഷ് സിസോദിയ നേതൃത്വം നല്‍കും. 17 മാസത്തെ ജയില്‍ വാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് മനീഷ് സിസോദിയ പുറത്തിറങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൂടിയാലോചനക്കായി ഇന്ന് AAPയുടെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേരും.