Short Vartha - Malayalam News

ഉരുൾപൊട്ടൽ പ്രദേശങ്ങൾ കണ്ടെത്താൻ നേരിട്ട് പരിശോധന നടത്തണം: ഡോ. ജോൺ മത്തായി

പശ്ചിമഘട്ട മലനിരകളിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കണമെങ്കിൽ നേരിട്ട് പരിശോധന നടത്തണമെന്ന് ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. ജോൺ മത്തായി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. പരിശോധന നടത്തുന്നതിനായി ജില്ലാതലത്തിൽ ശാസ്ത്രജ്ഞൻമാരെയും, പൂർവികരായ പ്രായോഗിക അറിവ് നേടിയ പ്രദേശവാസികളെയും കൂടി ഉൾപ്പെടുത്തി ടീം രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായാൽ ഏതു ഭാഗത്തേക്കാണ് ഒഴുക്ക് ഉണ്ടാകാൻ സാധ്യതയുള്ളത്, എവിടെയാണ് കൂടുതൽ നാശനഷ്ടം ഉണ്ടാവുക, ജനങ്ങളെ ഏത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ സാധിക്കും തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും കൃത്യമായ മാർഗ്ഗരേഖയും ആക്ഷൻ പ്ലാനും തയ്യാറാക്കണം. ദുരന്തമുണ്ടായ ശേഷം രക്ഷാപ്രവർത്തനം നടത്തുന്നതിനല്ല, ദുരന്ത സാധ്യത കണ്ടെത്തി ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.