Short Vartha - Malayalam News

ഓഹരി വിപണിയിൽ സജീവമാകുന്ന ചെറുകിട നിക്ഷേപകരുടെ എണ്ണം ഉയരുന്നു

മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ചരിത്രത്തിലാദ്യമായി 15 കോടി കവിഞ്ഞു. മാർച്ചിൽ മാത്രം 31 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നു. ആഭ്യന്തര രംഗത്തെ മികച്ച വളർച്ചയും പലിശ നിരക്ക് കുറയാനുള്ള സാധ്യതയും വിദേശ നിക്ഷേപ ഒഴുക്കും മാര്‍ച്ചില്‍ ഇന്ത്യയുടെ മുഖ്യ ഓഹരി സൂചികയിൽ ഒന്നര ശതമാനം വർദ്ധനവ് ഉണ്ടാക്കി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സജീവമായി വ്യാപാരം നടത്തുന്ന നിക്ഷേപകരുടെ എണ്ണം കഴിഞ്ഞ മാസം 1.8 ശതമാനം ഉയർന്ന് നാല് കോടിക്ക് മുകളിലെത്തി. ഓഹരികൾ വാങ്ങുന്നതിനും വില്ക്കുന്നതിനും നിക്ഷേപകർ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കണമെന്ന് നിർബന്ധമാണ്. ഓഹരികൾ ഡീമെറ്റീരിയലൈസ്ഡ് ഫോര്‍മാറ്റില്‍ ഡിജിറ്റലായി ഈ അക്കൗണ്ടുകളിലാണ് സൂക്ഷിക്കുക.