Short Vartha - Malayalam News

ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ബംഗാള്‍ സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. സംഭവം ഭയാനകമെന്നും ഇത് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുടെ സുരക്ഷയുടെ പ്രശ്നമാണെന്നും സുപ്രീംകോടതി പറഞ്ഞു. സംഭവത്തില്‍ കേസ് എടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആശുപത്രി അധികൃതര്‍ എന്താണ് ചെയ്തതെന്നും എന്തുകൊണ്ട് കേസെടുക്കാന്‍ വൈകിയെന്നും കോടതി ചോദിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അത് ആത്മഹത്യയായി മാറ്റാന്‍ ശ്രമിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം പരിശോധിക്കെ എങ്ങനെയാണ് ഉടന്‍ മറ്റൊരു മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ നിയമിച്ചതെന്നും ബംഗാള്‍ സര്‍ക്കാരിന്റെ അധികാരം പ്രതിഷേധക്കാരുടെ മേല്‍ അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു.