Short Vartha - Malayalam News

യുവ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധിക്കുന്നവർ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീംകോടതി

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിക്കുന്നവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്‌ടർമാർ ജോലിക്ക് ഹാജരാകാത്തതിനാൽ പൊതുജനങ്ങളാണ് ബുദ്ധിമുട്ടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. CBI യുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കി. കോടതി രൂപീകരിച്ച പ്രത്യേക ദൗത്യസംഘം ഇന്റേണുകള്‍, റെസിഡന്റ്- സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാർ, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. അതേസമയം ആശുപത്രി അധികൃതരിൽ നിന്ന് റെസിഡന്റ് ഡോക്ടര്‍മാര്‍ ഭീഷണി നേരിടുന്നുണ്ടെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീത് ലുത്‌റ പറഞ്ഞു.