സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും ബി. ഉണ്ണികൃഷ്ണനെ മാറ്റണം; ഹൈക്കോടതിയിൽ വിനയന്റെ ഹർജി
ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനെ സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ ഹൈക്കോടതിയെ സമീപിച്ചു. തൊഴില്‍ നിഷേധത്തിനെതിരെ തന്റെ പരാതിയിൽ കോംപറ്റീഷന്‍ കമ്മിഷന് ശിക്ഷിച്ചയാളാണു ബി. ഉണ്ണികൃഷ്ണൻ. അത്തരത്തിൽ ഒരാളെ ചലച്ചിത്ര നയം രൂപീകരിക്കാനുള്ള സമിതിയിൽ ഉൾപ്പെടുത്തരുതെന്ന് വിനയൻ ഹർജിയിൽ ആവശ്യപ്പെട്ടു. തൊഴില്‍ നിഷേധത്തെപ്പറ്റി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും തൊഴില്‍ നിഷേധിക്കുന്ന പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണു ബി. ഉണ്ണികൃഷ്ണനെന്നും വിനയൻ ഹർജിയിൽ പറഞ്ഞു.
Related News
സിനിമ മേഖലയിലെ പുതിയ സംഘടനയ്ക്ക് പിന്തുണയുമായി സംവിധായകന് വിനയന്
സിനിമ മേഖലയിലെ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സില്‍ ചേരുമെന്ന് സംവിധായകന് വിനയന് പറഞ്ഞു. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കള്‍ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന സംഘടന ആവണം. നിലവില്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അംഗമാണ്. സംവിധായകനെന്ന നിലയില്‍ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.
ട്രേഡ് യൂണിയന് രൂപീകരിക്കാന്‍ ഫെഫ്കയെ സമീപിച്ച് താരങ്ങള്‍
താരസംഘടനയായ അമ്മയിലെ 20 ഓളം അംഗങ്ങള്‍ പുതിയ ട്രേഡ് യൂണിയന് ആരംഭിക്കാന്‍ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്. 17 നടന്മാരും മൂന്ന് നടിമാരുമാണ് ആവശ്യവുമായി സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച ശേഷം നിലപാട് അറിയാക്കാമെന്ന് ബി. ഉണ്ണികൃഷ്ണന് താരങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചിരുന്നു.
ഹേമ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക
WCC ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങള്‍ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. ഫെഫ്കയിലെ ട്രേഡ് യൂണിയന് ജനറല്‍ സെക്രട്ടറിമാരെ പോലും കമ്മിറ്റി കണ്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരമര്‍ശിച്ച പേരുകളും 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.