Short Vartha - Malayalam News

വേട്ടക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി. ഡി. സതീശന്‍

നാലര വര്‍ഷം മുമ്പ് കിട്ടിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അന്ന് വായിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഇരകളുടെയല്ല മറിച്ച് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലര വര്‍ഷം റിപ്പോര്‍ട്ടിന് മേല്‍ അടയിരുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ കുറ്റങ്ങളുടെ പരമ്പര മറച്ചുവച്ചതിലൂടെ ഗുരുതര കുറ്റകൃത്യം ചെയ്ത സര്‍ക്കാര്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ചോദിച്ചു. കേസെടുക്കാന്‍ പുതുതായി പരാതി നല്‍കേണ്ട കാര്യമില്ല. ഇത്രയും വലിയൊരു പരാതിയുടെ കൂമ്പാരം നാലരക്കൊല്ലമായി സര്‍ക്കാരിന്റെ കയ്യില്‍ ഇരിക്കുകയല്ലേയെന്നും എന്നിട്ടും സര്‍ക്കാര്‍ അത് മറച്ചുവച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.