നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തും. നെഹ്റു ട്രോഫി ബോട്ട് റേസ് എക്സിക്യൂട്ടീവിന്റെ ആലപ്പുഴ കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. വള്ളംകളി ഈ മാസം 28ന് നടത്തണമെന്ന് ആവശ്യപ്പെട്ട് വള്ളംകളി സംരക്ഷണസമിതി ആലപ്പുഴ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. വയനാട് ദുരന്തത്തെ തുടർന്ന് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്താനിരുന്ന വള്ളംകളി മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ മാറ്റിവച്ച വള്ളംകളി അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകളുടെ ഭാഗത്തുനിന്നും വള്ളംകളി പ്രേമികളുടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
Related News
നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ. വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയില്‍ ഇന്ന് ജില്ലാ കളക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാര്‍, ജില്ലയിലെ MP മാർ, MLA മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും, സാംസ്കാരിക ഘോഷയാത്രയും, വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു. ഒമ്പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് മത്സരിക്കുന്നത്. വള്ളംകളിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച്ച അവധി
നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 28 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങ്. ഇതിനായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു.
നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തണമെന്ന് വള്ളംകളി സംരക്ഷണ സമിതി
നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത് സംബന്ധിച്ച് നീണ്ടുനിന്ന അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നതിനായി വള്ളംകളി പ്രേമികളുടെ പരിശ്രമം വിജയത്തിലേക്കടുക്കുന്നു. വള്ളംകളി ഈ മാസം 28ന് നടത്തണമെന്ന് ആവശ്യപ്പെട്ട് വള്ളംകളി സംരക്ഷണസമിതി ആലപ്പുഴ ജില്ലാ കളക്ടർക്ക് ഇന്ന് നിവേദനം നൽകും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച വള്ളംകളി നടത്തേണ്ടതില്ല എന്നായിരുന്നു സർക്കാർ ആദ്യം തീരുമാനിച്ചത്. എന്നാൽ ബോട്ട് ക്ലബ്ബുകളുടെ ഭാഗത്തുനിന്നും സമ്മർദ്ദം ശക്തമായതോടെയാണ് വള്ളംകളി നടത്താമെന്ന തീരുമാനത്തിലേക്ക് സർക്കാരെത്തിയത്. ഈ മാസം 28ന് വള്ളംകളി നടത്തണമെന്നാണ് ഭൂരിപക്ഷ ക്ലബ്ബ് ഭാരവാഹികളും വള്ളംകളി സംരക്ഷണ സമിതി യോഗത്തിൽ ആവശ്യപ്പെട്ടത്.
നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരം നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. നേരത്തെ നിശ്ചയിച്ച സാംസ്കാരിക ഘോഷയാത്രയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്താനാണ് ഇരുന്നത്. ഇപ്പോൾ മത്സരവും മാറ്റിവെച്ചു. സെപ്റ്റംബറിൽ നടത്താനാണ് ആലോചിക്കുന്നത്. എന്നാൽ എന്ന് നടത്തണമെന്ന് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം കഴിഞ്ഞയുടനെ വള്ളംകളി നടത്തുന്നത് ഉചിതം അല്ലെന്ന് അഭിപ്രായം വന്നതോടെയാണ് തീരുമാനം സർക്കാരിന് വിടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.